അമല്‍ നീരദിന് ഒരു തുറന്ന കത്ത്

Posted: Sunday, June 17, 2012 by Admin in Labels: ,
15


ബഹുമാനപ്പെട്ട അമല്‍ നീരദ് സര്‍,

      ഒരു ക്യാമറാമാന്‍ എന്ന നിലയില്‍ താങ്കളോടിപ്പോഴും അങ്ങേയറ്റത്തെ ബഹുമാനമുണ്ട്, പക്ഷെ ഒരു സംവിധായകനെന്ന നിലയില്‍ ഉണ്ടായിരുന്ന ബഹുമാനം പൂര്‍ണ്ണമായും ബാച്ചിലര്‍ പാര്‍ട്ടി കണ്ടതോടെ നഷ്ടപ്പെട്ടു എന്ന് വ്യസനസമേതം അറിയിക്കട്ടെ. അത്ര ഇന്ററസ്റ്റിങ്ങ് സ്റ്റോറി ഒന്നുമല്ലായിരുന്നെങ്കിലും ഒരു നല്ല എന്റര്‍ടെയിനറായി കണ്ടിരിക്കാവുന്ന ഒരു സിനിമയെ മലയാളിയുടെ സാമാന്യ ബുദ്ധിയെ പരിഹസിക്കുന്ന സിനിമയാക്കി മാറ്റിയതിന്റെ മുഴുവന്‍ ഉത്തരവാദിത്വവും സംവിധായകനായത് കൊണ്ട് താങ്കള്‍ക്ക് തന്നെയാണ്. അശ്ല്ലീലതയുടെ അതിപ്രസരം ഉണ്ടെന്ന് വിമര്‍ശിക്കാമെങ്കിലും യൂത്തിനെ സാറ്റിസ്ഫൈ ചെയ്യിക്കാനുതകുന്ന കോമഡി സീനുകള്‍ കൊണ്ട് സിനിമയുടെ ആദ്യ പകുതി ഒരിക്കലും വിരസമായി തോന്നിയിരുന്നില്ല. ഈ ചിത്രത്തെയാണല്ലോ 'കീബോര്‍ഡ് ഗുണ്ടകളെ'ന്ന് ബെര്‍ളിച്ചായനൊക്കെ വിമര്‍ശിക്കുന്ന ഫേസ്ബുക്കന്മാര്‍ തെറി വിളിച്ചതെന്ന് ഒരു ഘട്ടത്തില്‍ ചിന്തിച്ച് പോയിരുന്നു.
     താങ്കളുടെ 'ബിഗ് ബി', ഫോര്‍ ബ്രദേര്‍സിന്റെ അഡാപ്റ്റേഷന്‍ ആയിരുന്നെങ്കിലും മലയാളിക്ക് കാഴ്ചയുടെ ഒരു നവ്യാനുഭവം സമ്മാനിച്ച ഒരു സ്റ്റൈലിഷ് എന്റര്‍ടെയിനറായിരുന്നു. പിന്നീട് വന്ന സാഗര്‍ ഏലിയാസ് ജാക്കിയും അന്‍വറും എല്ലാം അതേ സ്റ്റൈല്‍ തന്നെ തുടര്‍ന്നപ്പോഴും ഒരു വിഭാഗം പ്രേക്ഷകരെയെങ്കിലും സാറ്റിസ്ഫൈ ചെയ്യിക്കാന്‍ പോന്നവയായിരുന്നു. സെപ്പിയ ടോണിന്റെയും സ്ലോ മോഷന്റെയും അതിപ്രസരത്തെ വിമര്‍ശിച്ചവരില്‍ പലരും ഈ സിനിമകള്‍ ആസ്വദിച്ച് കാണും എന്നതുറപ്പാണ്.
      സാഗര്‍ ഏലിയാസ് ജാക്കിയിലെ ലോജിക്കിന് നിരക്കാത്ത വെടി വെയ്പ്പ് സീനുകള്‍ ഫാന്‍സ് കൈയ്യടിച്ച് സ്വീകരിച്ചത് കണ്ട് താങ്കള്‍ക്കുണ്ടായ 'എല്ലാ മലയാളികളും സാമാന്യ ബുദ്ധിയില്ലാത്തവരാണെന്ന' തെറ്റിദ്ധാരണയില്‍ നിന്നാവുമല്ലേ 'ബാച്ചിലര്‍ പാര്‍ട്ടി'യിലെ ആക്ഷന്‍ സീനുകള്‍ പടച്ചു വിടാനുള്ള ഇന്‍സ്പിരേഷന്‍ ഉണ്ടായത്? ഒരേം തരം അണ്ടര്‍വേള്‍ഡ് - കൊട്ടേഷന്‍ സ്റ്റൈലിഷ് വീരഗാഥകള്‍ മാത്രം ചിത്രീകരിച്ച് ടൈപ്പ് ചെയ്യതിരിക്കപ്പെടാതിരിക്കാന്‍ താങ്കള്‍ (അറ്റ്ലീസ്റ്റ് ആഷിക്ക് അബുവിനെയെങ്കിലും മോഡല്‍ ആക്കിക്കൂടെ?) ഇനിയും ശ്രമിച്ചില്ലെങ്കില്‍ മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സില്‍ താങ്കളുടെ സ്ഥാനം സന്തോഷ് പണ്ടിറ്റിനൊപ്പമായിരിക്കും.
 
      ഒരു നായകന്‍ പത്ത് മുപ്പത് പേരെ ആത്മവിശ്വാസത്തോടെ നേരിടുന്നത് കണ്ട് കൈയ്യടിക്കുന്നത് പോലെ തോക്ക്ധാരികളായ പത്തിരുപത് പേരോട് നാല് പേര്‍ വെടി വെച്ച് കളിക്കുന്നത് കണ്ട് കൈയ്യടിക്കാന്‍ മാത്രം വിഡ്ഢികള്‍ കേരളത്തിലില്ലെന്ന് ഇപ്പോള്‍ ഏകദേശം താങ്കള്‍ക്ക് മനസ്സിലായിക്കാണുമല്ലേ? പത്ത് മിനിറ്റോളം നീണ്ട് നിന്ന ക്ലൈമാക്സിലെ ആ വെടി വെയ്പ്പ് ചവിട്ട് നാടകം കണ്ട പ്രേക്ഷകരെല്ലാം പൊട്ടിച്ചിരിക്കുകയായിരുന്നു. പോസ്റ്റ് പ്രൊഡക്ഷന്‍ , പ്രിവ്യൂ എന്നിങ്ങനെ ഒരു മൂന്നാല് പ്രാവശ്യമെങ്കിലും ഈ സിനിമ കണ്ടിട്ടും ഇത് പുറത്തിറക്കാന്‍ ധൈര്യം കാണിച്ച താങ്കളെയും അണിയറ പ്രവര്‍ത്തകരെയും , ഒരു ചാനലും 'അഭിനവ ചലച്ചിത്ര ബുദ്ധിജീവികളും' ചേര്‍ന്ന് സന്തോഷ് പണ്ഡിറ്റിനെ ജനകീയ വിചാരണ ചെയ്ത പോലെ ചെയ്യാതിരുന്നത് താങ്കളുടെ ഭാഗ്യമായിരിക്കും. 

    താങ്കളുടെ അടുത്ത സിനിമ കാണാന്‍ കയറുന്ന പ്രേക്ഷകന്‍ "പറശ്ശിനിക്കടവ് മുത്തപ്പാ പണി പാമ്പായും പട്ടിയായും കിട്ടല്ലേ" എന്ന് പ്രാര്‍ത്ഥിക്കുമെന്നുറപ്പാണ്.

    അമല്‍ നീരദ് പ്രൊഡക്ഷന്‍സ് പുതുമുഖചലച്ചിത്രകാരന്മാരെ പ്രൊമോട്ട് ചെയ്യുന്നതിനായി നിര്‍മ്മിക്കാന്‍ പോകുന്ന സിനിമകള്‍ പ്രേക്ഷകനെ സാറ്റിസ്ഫൈ ചെയ്യുമെന്ന പ്രതീക്ഷയോടെ ,

നല്ല സിനിമകള്‍ കാണാനാഗ്രഹിക്കുന്ന ഒരു പ്രേക്ഷകന്‍

Font Problem?

Click here to download the Malayalam fonts.