Showing posts with label ലേബലില്ലാത്തത്. Show all posts
Showing posts with label ലേബലില്ലാത്തത്. Show all posts
23

    തൂങ്ങിച്ചാവാന്‍ മാവില്‍ കയറീട്ട് മുകളീന്ന് ചാടി ചാവാന്‍ ശ്രമിച്ച തന്തേടേ മോനല്ലേ നീ എന്ന കളിയാക്കല്‍ മിന്റു കേള്‍ക്കാന്‍ തുടങ്ങീട്ട് നാളേറെ ആവുന്നു, ഇന്നിപ്പൊ ചത്തേ പറ്റൂ എന്നായിരിക്കുന്നു. ഐ ടി ഐ വിദ്യാഭ്യാസം പാതി വഴിയിലുപേക്ഷിച്ച് MCA യ്ക്ക് ജോയിന്‍  ചെയ്തതാ മിന്റു. ഡിഗ്രി പാസ്സാവത്തന് എം സി എയ്ക്ക് ചേരാന്‍ പറ്റുവോന്ന് നിങ്ങള്‍ക്കൊരു സംശയം ഉണ്ടാവും, ആ MCA അല്ല ഇത്.

മാസ്റ്റര്‍ ഓഫ് സിമന്റ് ആപ്ലിക്കേഷന്‍, ചുമരില്‍ സിമന്റും മണലും മിക്സ്
ചെയ്തത് അപ്പ്ലൈ ചെയ്യുന്ന ആ പണി.

ലൈഫ് ടൈം ആണെന്ന് കരുതി തുടങ്ങിയ ഒരു കണക്ഷന്‍ വീട്ടില്‍ തേങ്ങയിടാന്‍ വന്നവന്റെ
സിക്സ് പാക്ക് കണ്ട് കൂടെ ഇറങ്ങിപ്പോയതറിഞ്ഞ് നില്‍ക്കുന്ന മിന്റുവിന്റെ മുന്നില്‍ കാലന്‍ പോസ്റ്റ്മാന്റെ രൂപത്തിലവതരിച്ചു.  അവള് തന്റെ പേരിലൊരു കത്തും എഴുതി അയച്ചിട്ട് ഇറങ്ങിപ്പോയപ്പോ ഉണ്ടായ വിഷമത്തേക്കാള്‍ കൂടുതല്‍ ഉണ്ടായത് കത്തില്‍ ആവശ്യത്തിന് സ്റ്റാമ്പൊട്ടിക്കാത്തോട്ട് 'ഹാന്‍സ്' വാങ്ങാന്‍ വെച്ച 5 രൂപ പോസ്റ്റ്മാനെടുത്ത് കൊടുക്കേണ്ടി വന്നപ്പോഴാ...

    ആത്മസ്നേഹിതന്റെ "പെണ്ണിന്റെ ചിരിയും ആന്‍ഡ്രോയിഡിലെ ബാറ്ററി ലെവലും
കണ്ടൊരുപാട് സ്വപ്നം കാണല്ലേന്ന് അന്നേ ഞാന്‍ പറഞ്ഞതല്ലേന്ന" വാക്ക്
കേട്ടപ്പോ 'നിന്റെ ആ കരിനാക്ക് ചൊറിപിടിച്ച് പുഴുത്ത് പോവ്വേള്ളൂ' എന്ന്
മനസ്സിലോര്‍ത്ത് കൊണ്ട് വീട്ടില്‍ വെള്ളം കോരുന്ന കയറും
എടുത്തോണ്ടിറങ്ങി, അച്ഛന്റെ പഴയ വീരകഥയിലെ അതേ മാവും ലക്ഷ്യമാക്കി മിന്റു നടന്നു.


           രാവിലെ മുതല്‍ വൈകുന്നേരം വരെ കൂട്ടിക്കൊടുത്തുണ്ടാക്കിയ (സിമന്റും
മണലും കൂട്ടികൊടുത്ത കാര്യാണ് കവി ഉദ്ദേശിച്ചത്, തെറ്റിദ്ധരിച്ചല്ലേ?)
കാശ് കുറേ അവള് അടിച്ചെടുത്തെതാ ഐസ്ക്രീമെന്നും ചുരിദാറെന്നുമൊക്കെ പറഞ്ഞ്.
 ഒരു കുപ്പി റം വാങ്ങാന്‍ ബിനുവും ഷുക്കൂറും ഷെയറ് ചോദിച്ചപ്പോ കൊടുക്കാതെ വച്ച
കാശാ. വേറൊന്തൊക്കെ കേട്ടാലും ഓസിന് കള്ള് കുടിക്കുന്നവന്‍ന്ന് ഒരു കുടിയനും കേള്‍ക്കാനാഗ്രഹിക്കില്ല. അവള്‍ക്ക് വേണ്ടി താനതും കേള്‍ക്കേണ്ടി വന്നു. ഇനി ആത്മഹത്യ ചെയ്തില്ലേല്‍ സ്നേഹിച്ച പെണ്ണ് ചതിച്ചിട്ടും ആത്മഹത്യ ചെയ്യാന്‍ പോലും തന്റേടം ഇല്ലാത്തവന്‍ എന്ന ചീത്തപ്പേര് കൂടി കേള്‍ക്കേണ്ടി വരും.   
       ആത്മഹത്യ പാപമൊക്കെയാണ് , പക്ഷെ ഒരു താത്കാലികാശ്വാസത്തിന് വേണ്ടി
ആത്മഹത്യ ചെയ്യുന്നതില്‍ കുഴപ്പമില്ലെന്ന് ഈയിടെ പ്രശസ്ത ബ്ലോഗര്‍ ധനേഷ്
നായര്‍ ട്വീറ്റിയിട്ടുണ്ട്, ഇത് മുന്‍പേ മിന്റു മനസ്സിലാക്കിയിരിക്കണം.
     ആത്മഹത്യ ചെയ്യാന്‍ മാവില്‍ കുരുക്കിട്ടിട്ട് അവസാനമായി ഈ ഭൂമിയുടെ സൗന്ദര്യം മാങ്കൊമ്പിലിരുന്നാസ്വാദിക്കുന്നതിനിടയില്‍ ഉറങ്ങിപ്പോവുകയും മാവീന്ന് വീണ് കാലൊടിയുകയും ചെയ്ത അച്ച്ഛന്റെ അവസ്ഥ തനിക്കുണ്ടാവരുതെന്നുള്ളത് കൊണ്ട് മിന്റുവിന്റെ ഓരോ ചുവടുകളും വളരെ ശ്രദ്ധിച്ചായിരുന്നു.

"എങ്ങോട്ടാഡേ കയറൊക്കെയായിട്ട്, പശൂനെ വാങ്ങാന്‍ പോവാണോ ലൈന്‍ പൊട്ടിയപ്പോ?" രാമേട്ടന്റെ ചായക്കടയില്‍ ചൊറിയും കുത്തിയിരുന്ന് പത്രം വായിക്കുന്ന ബിനുവിന്റെയാണ്
ചോദ്യം.
"അല്ല, തൂങ്ങിച്ചാവാന്‍ പോവ്വാ"
"പണിയ്ക്ക് പോയി നാല് കാശുണ്ടാക്കാന്‍ തുടങ്ങിയിട്ട് ദിവസം രണ്ടേ ആയുള്ളൂ,
അപ്പോഴേക്കും നീ കൂട്ടുകാരൊടൊക്കെ തര്‍ക്കുത്തരം പറയാന്‍ തുടങ്ങി അല്ലേ. നീ വൈകുന്നേരം ഓസീന് മോന്താന്‍ വരുമ്പൊ കാണിച്ച് തരാം"
'ഈശ്വരാ! ഇപ്പൊ സത്യം മാത്രം പറയുന്ന എനിക്കും ആന്റണിയ്ക്കും ഒന്നും ഒരു വിലയുമില്ല"

തൂങ്ങിച്ചാവുന്നതിന് മുന്‍പ് ഷുക്കൂറിനെയൊന്നു കണ്ടേക്കാന്ന് കരുതി ഗേറ്റ് കടന്നപ്പോള്‍ വീടിന്റെ പടിക്കല്‍ തന്നെ ഷുക്കൂറിന്റെ പെങ്ങള്‍ മൈമൂന നോക്കിയാ എക്സ്2വിന്റെ ഫ്ലാഷ് പോലുള്ള ചിരിയുമായി നില്പ്പുണ്ട്. പഴേ നോക്കിയ 3310 യുടെ കളറ് ബോഡിയാണെങ്കിലും രൂപം വെച്ച് നോക്കിയാല്‍ അവളൊരു N95 തന്നെ.
അവളൊന്ന് പുഞ്ചിരിച്ചു; ഞാന്‍ എല്ലാം അറിഞ്ഞൂട്ടോന്ന് വിളിച്ച് പറയുന്ന പുഞ്ചിരി.

അവക്ക് പണ്ടെന്നെയൊരു നോട്ടമുണ്ടായിരുന്നതാ, നല്ല വൈറ്റ് ഗാലക്സി S2 ഉള്ളപ്പോ ആരേലും ബാറ്ററി ബാക്കപ്പും നോക്കി 3310 എടുക്കുമോ, അതേ താനും ചെയ്തുള്ളൂ.

"ഷൂക്കൂറിക്കാ ഇതാരാ വന്നിരിക്കുന്നേന്ന് നോക്കിയേ"
"മിന്റുവോ, പോത്തിനെ ഗേറ്റിന് പുറത്താണോ പാര്‍ക്ക് ചെയ്തത്?; അല്ല കൈയ്യില്‍ കയറൊക്കെ കണ്ടോണ്ട് ചോദിച്ചതാ"
"അല്ല, നിന്റെ ബാപ്പയ്ക്ക് കഴിഞ്ഞ ബലിപെരുന്നാളിനറക്കാന്‍ കൊടുത്തതില്‍ പിന്നെ പള്‍സറിലാ യാത്ര"
"നീ ചൂടാവല്ലേ. ഞാന്‍ എല്ലാം അറിഞ്ഞു. നീ വിഷമിക്കാതിരി. അവള് പോണേങ്കില്‍ പോട്ടെ, എല്ലാം നല്ലതിനായിരിക്കും"
"അവള് വല്ലോന്റെയും കൂടെ പോയതിനും പോലീസ് പൊക്കിയതെന്നെ, ശിക്കാരി കൂടി പൊട്ടിയ മമ്മുക്കയുടെ അതേ അവസ്ഥയിലാ ഞാന്‍. ഒരു പക്ഷെ ഇത് നമ്മുടെ അവസാനത്തെ കൂടിക്കായ്ചയാവും"
"നീ കടുംകൈ ഒന്നും കാണിക്കരുത്, ഇതൊക്കെ നാട്ടുകാര് പെട്ടെന്ന് മറക്കും. ഒന്ന് കുളിച്ചാല്‍ പോവാത്ത നാറ്റമുണ്ടോ?, അവളുടെ തന്തപ്പടി ഫോണെടുത്ത് നോക്കിയപ്പൊ ഇന്‍ബോക്സ് നിറയെ നിന്റെ മെസ്സേജസ്, എല്ലാ മെസ്സേജിന്റെയും അവസാനം ചുംബിക്കുന്ന സ്മൈലിയും കണ്ടാല്‍ ഏത് തന്തപ്പടിയും നീ തന്നെയാ അടിച്ചോണ്ട് പോയതെന്നേ കരുതൂ."
"എന്നാലും അവളെന്നെ ഇട്ടിട്ട് പോയല്ലോന്നോര്‍ക്കുമ്പോ....."

"അവള് ഭാവിയെപ്പറ്റി ചിന്തയുള്ളോളാ, അതോണ്ടല്ലേ ഡെയിലി പത്തെണ്ണൂറ് രൂപയ്ക്ക് പണിയെടക്കുന്നവന്റെയൊപ്പം പോയത്; പിന്നെ അവന്റപ്പന്‍ ഉണ്ടാക്കി വെച്ച സ്വത്ത് മുഴുവന്‍ അനുഭവിക്കാന്‍ ആണും പെണ്ണും കെട്ടവനായിട്ടവനൊരുത്തനല്ലേ ഉള്ളൂ. നിന്റപ്പനാകെ ഉണ്ടാക്കിയിട്ടത് നിങ്ങള്‍ നാലെണ്ണത്തിനെയാ. "

"പിന്നേ ഭാവിയെപറ്റി ചിന്തയുണ്ടെങ്കില്‍ അവളൊരു തെങ്ങ് കയറ്റക്കാരന്റൊപ്പം പോവുമായിരുന്നോ, ഒന്ന് കാല് തെറ്റിയാല്പ്പോരേ തെങ്ങീന്ന് വീണ് ചാവാന്‍..."

"അത് തന്നെയാ അവള്‍ക്ക് ഭാവിയെപറ്റി ചിന്തയുണ്ടെന്ന് പറയാന്‍ കാരണം, അവളുടെ അച്ച്ഛന്‍ കുമാരനാണവനെ കൊണ്ട് 10ലക്ഷത്തിന്റെ എല്‍ഐസി പോളിസി എടുപ്പിച്ചത്. അങ്ങേരും ഭാവിയെപറ്റി ചിന്തയുള്ളോനായത് കൊണ്ട് അതവളെ അറിയിച്ചു. ആ വകയില്‍ അങ്ങേര്‍ സേവ് ചെയ്തത് ചുരുങ്ങിയത് അമ്പത് പവനും കല്ല്യാണച്ചെലവുമാ."

"എനിക്കഞ്ച് ലക്ഷത്തിന്റെ പോളിസി വടക്കേലെ നാരായണീടൊപ്പമുള്ളതവളോട് ഞാന്‍ പറഞ്ഞതാണല്ലോ, എന്നിട്ടും അവള്‍..."

"നീ കുമാരേട്ടന്റേന്ന് പോളിസി എടുക്കാത്തേന്റെ ദേഷ്യം തീര്‍ക്കാന്‍ കൂടിയാണ് അങ്ങേര് നിനക്കെതിരെ മോളെ തട്ടിക്കൊണ്ട് പോയീന്നും പറഞ്ഞ് കേസ് കൊടുത്തത്, പിന്നെ മോളൊളിച്ചോടീട്ടും തന്തയ്ക്കൊരു കുലുക്കവുമില്ലല്ലോന്ന് നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കാണ്ടിരിക്കാനും കൂടിയായിരിക്കണം"

കയറവിടെ ഇട്ടിട്ട് തിരിഞ്ഞു നടക്കുമ്പോ മിന്റുവിന്റെ മനസ്സില്‍ തനിക്കും ഭാവിയെപറ്റി  വിചാരമുണ്ടെന്നെങ്ങനെയെങ്കിലും തെളിയിക്കണമെന്ന ചിന്ത മാത്രമായിരുന്നു.
*********************************************************************
   ദിവസങ്ങളും ആഴചകളും മാസങ്ങളുമൊക്കെ കടന്നു പോയി, മിന്റു ഇപ്പൊ സ്ഥിരമായി പണിയ്ക്ക് പോവുന്നുണ്ട്, ഒരു പള്‍സര്‍ ബൈക്കും ബാങ്ക് അക്കൗണ്ടും ഒക്കെയായി.
  കൂട്ടുകാരിയുടെ വീട്ടില്‍ പോവാന്നും പറഞ്ഞ് പോയ മൈമുനയെ വൈകുന്നേരമായിട്ടും തിരിച്ചെത്തോണ്ട് സംശയം തോന്നിയത് കൊണ്ടാണ് ഷുക്കൂറും കൂട്ടുകാരന്‍ ബിനുവും കൂടി അവളുടെ മുറി പരിശോധിച്ചത്, അധികം തെരയാതെ തന്നെ നാല് മടക്കാക്കി വെച്ച ഒരു വെള്ളക്കടലാസ് കിട്ടി.
ബിനു വിറയുന്ന കൈകളോടെ ഉറക്കെ വായിച്ചു:
"പ്രിയപ്പെട്ട ഷുക്കൂറിയ്ക്ക വായിച്ചറിയുവാന്‍,
വീട്ടില്‍ പറഞ്ഞാല്‍ സമ്മതിക്കില്ലെന്നറിയാവുന്നത് കൊണ്ട് ഞാന്‍ മിന്റുവേട്ടന്റെ കൂടെ ഇറങ്ങിപ്പോവാണ്. എന്നെ അന്വേഷിക്കണ്ട, ഞങ്ങളെവിടേലും പോയി ജീവിച്ചോളാം. പിന്നെയെനിക്ക് ഭാവിയെപറ്റി ചിന്തയുള്ളോണ്ട് എന്റെം ഉമ്മയുടേം സകല ആഭരണങ്ങളും ഇക്കയുടെ മേശയിലുണ്ടായിരുന്ന പതിനായിരം രൂപയും ഞാനെടുത്തിട്ടുണ്ട്.
എന്ന്,
മൈമുന"

ബിനു വായന നിര്‍ത്തിയതും ഷുക്കൂറ് പൊട്ടിച്ചിരിച്ചതും ഒരുമിച്ചായിരുന്നു.
'ങേ!പെങ്ങള് ഒളിച്ചോടീന്നറിഞ്ഞപ്പം വട്ടായോ'
'വട്ട് നിന്റെ തന്തയ്ക്കാ, ഞാന്‍ ചിരിച്ചത് ബാപ്പയുടെ സ്വത്ത് മുഴുവനും ഇനി എന്റെ സ്വന്തമായല്ലോന്നോര്‍ത്തിട്ടാ. പിന്നെ അവളെ കെട്ടിക്കാന്‍ വേണ്ടി ബാപ്പ ഉണ്ടാക്കി ലോക്കറില്‍ വെച്ചിരിക്കുന്ന നൂറ് പവന്‍ എല്ലാം എന്റെ സ്വന്തം. ആ മിന്റൂന്ന് പറയുന്ന വിവരം കെട്ടവന്‍ അന്ന് കയറും ഉപേക്ഷിച്ച് ചാവണ്ടാന്ന് തീരുമാനിച്ച് പോവുമ്പോ അവന്‍ മൈമൂനെയെ നോക്കിയ നോട്ടം കണ്ടപ്പോഴെ ഞാന്‍ ഊഹിച്ചതാ, ഇതിങ്ങനൊയെക്കെ തന്നെയാവുമെന്ന്.'
'എന്നാലും നാണക്കേടായില്ലേ?'
'എന്ത് നാണക്കേട്, സന്തോഷ് പണ്ടിറ്റിന്റെ പടത്തിന് ഫസ്റ്റ് ഷോയ്ക്ക് കേറിയപ്പോ ഇല്ലാത്ത നാണക്കേട് പിന്നിതിനാണോ?'
'നീയാടാ ശരിക്കും ഭാവിയെപറ്റി ചിന്തയുള്ളവന്‍' : ബിനു മനസ്സില്‍ പറഞ്ഞു.

6

     സുകുമാരന് കല്ല്യാണം പണ്ടേ ഒരു വീക്ക്നെസ്സാണ്,  കോളേജില്‍ പഠിക്കുന്ന കാലം തൊട്ടേ പറ്റാവുന്ന കല്ല്യാണ വീട്ടിലെല്ലാം പോയി സദ്യയുണ്ണലാണ് പുള്ളിയുടെ ഹോബി. സദ്യയുടെ കാര്യത്തില്‍ സുകു സോഷ്യലിസ്റ്റാണ്, പാവപ്പെട്ടവന്‍ മുതല്‍ മന്ത്രിമാര്‍ വരെയുള്ളവരുടെ വീട്ടില്‍ ക്ഷണിച്ചതാണോ അല്ലയോന്ന് പോലും നോക്കാതെ സുകു കല്ല്യാണത്തിന് പോവും. പിന്നെ ക്ഷണിക്കാത്ത കല്ല്യാണത്തിന് പോയി ഗിഫ്റ്റ് കൊടുക്കാനൊന്നും സുകുവിനെ കിട്ടില്ല. വേറൊന്നും കൊണ്ടല്ല താനൊരു ഗിഫ്റ്റ് കൊടുത്താല്‍ അവര്‍ അത് തന്റെ വീട്ടില്‍ എന്തേലും ഒരു ചടങ്ങുണ്ടാവുമ്പോ തിരിച്ച് തരണ്ടേ? എന്തിനാ വേറുതെ അവരെ ബുദ്ധിമുട്ടിക്കുന്നേ?
      ബാങ്ക് ക്ലര്‍ക്കായി ജോലി കിട്ടിയിട്ടും 'പാര്‍ട്ടിയെ നന്നാക്കാന്‍ (അതോ സ്വയം നന്നാക്കാനോ?) എം എല്‍ എ സ്ഥാനം ഉപേക്ഷിച്ച ശെല്‍വരായണ്ണനെപ്പോലെ' സുകു തന്റെ കല്ല്യാണസ്നേഹം ഉപേക്ഷിച്ചില്ല.
ഈ സ്നേഹം കാരണം ഇരുപത്തിയാറ് തികഞ്ഞേന്റന്ന് സുകുവും ബ്രോക്കര്‍ കുമാരേട്ടനും കൂടി ആദ്യ പെണ്ണ് കാണലിനിറങ്ങി.
"എന്റമ്മോ! ഇത്രേം വല്ല്യ വീട്ടിലെ പെണ്ണ് വേണോ കുമാരേട്ടാ?"
"നീ വീടിനെയല്ലല്ലോ പെണ്ണിനെയല്ലേ കെട്ടുന്നത്, അപ്പൊ പെണ്ണിന്റെ വലിപ്പം നോക്കിയാല്‍ മതി"
"എന്നാലും..."
"ഒരെന്നാലും ഇല്ല, വീട്ടിലൊക്കെ കേറി വരാന്‍ തീരുമാനിച്ചിരിക്കുന്ന മഹാലക്ഷ്മിയെ പുറം കാല് കൊണ്ട് പോസ്റ്റിനു പറത്തെക്കടിച്ച് കളയാന്‍ നീ ഹിഗ്വിറ്റയൊന്നുമല്ലല്ലോ അല്ലേ"
മനുഷ്യന്റെ ചങ്ക് ഇടിക്കുന്നത് മിനിറ്റില്‍ 144 പ്രാവശ്യമാ അപ്പൊഴാ അങ്ങേരുടെ അവിഞ്ഞ തമാശ.
"ആരാ ഈ ഹിഗ്വിറ്റ? കമാരേട്ടന്റെ അമ്മാവന്റെ മോനാണോ?"
"അല്ല എന്റെ വകേലൊരു തന്തയായി വരും"
'അതെനിക്ക് കണ്ടപ്പൊഴേ തോന്നിയാരുന്നു ഒന്നിലധികം ടീംസുണ്ടാവുന്ന്' എന്ന് പറയണമെന്നുണ്ടായിരുന്നെങ്കിലും സുകു അത് വിഴുങ്ങി.
**********************************************************************************
പെണ്ണ് കാണല്‍ കഴിഞ്ഞു , അവര്‍ പതിവ് മറുപടിയും പറഞ്ഞു:
"കാരണോമ്മാരൊടൊക്കെ ആലോചിച്ചിട്ട് ജാതകം പറ്റുവാണേല്‍ ഞങ്ങള്‍ അങ്ങോട്ടറിയിക്കാം"
"ഞാന്‍ വേണേല്‍ ഇവിടെ വന്നന്വേഷിച്ചോളാം"
"ബുദ്ധിമുട്ടണമെന്നില്ല" തല മൂത്ത കാരണവരുടെ ആ മറുപടിയുടെ അര്‍ത്ഥം ഇനിയും അവളേം ആ വീടും സ്വപ്നം കണ്ട് ബുദ്ധിമുട്ടണമെന്നില്ലെന്നാണോ? 'ഏയ് അതാവാന്‍ വഴിയില്ല'.

ഇനിയിപ്പൊ അഞ്ചാം മന്ത്രിയാവാനുള്ള വിളിയും കാത്തിരിക്കുന്ന മറ്റേകുഴി കലിയെപ്പോലെ പെണ്ണ് വീട്ടുകാരുടെ വിളിയും കാത്തിരിക്കണമല്ലോ എന്റെ ദൈവമേ.

കാത്തിരിപ്പിനേക്കാളും വല്ല്യ കുരിശാണല്ലോ കൂടെയുള്ള കുമാരണ്ണന്‍, ബ്രോക്കര്‍ ഫീസ് കല്ല്യാണനിശ്ചയം കഴിഞ്ഞിട്ട് മതീന്ന് വെക്കാം, ഇപ്പൊ ഒരു നൂറ് രൂപയും ഉച്ചഭക്ഷണവും കൊടുക്കേണ്ടി വരും.  ഹോട്ടലില്‍ കേറിയാല്‍ അങ്ങേര്‍ ബിരിയാണീല്‍ കുറഞ്ഞൊന്നും കഴിക്കില്ലെന്നുറപ്പാ.പോക്കറ്റില്‍ ആകെയുള്ളത് ഇരുനൂറ്റമ്പത് രൂപ.

"ലഞ്ച് നമുക്ക് പാരഗണീന്ന് കഴിക്കാല്ലേ"
വീട്ടീ പഴങ്കഞ്ഞീം ചമ്മന്തീം കഴിക്കണ മനുഷ്യനാണ് ഇപ്പൊ പാരഗണീന്നേ കഴിക്കാന്‍ പറ്റൂന്ന് ചിന്തിച്ചപ്പൊഴാ റോഡരികിലെ വലിയ വീട്ടിലെ ചെറിയ പന്തല്‍ സുകുവിന്റെ ശ്രദ്ധയില്‍ പെട്ടത്.

"ഞാന്‍ മറന്നു, എന്റെ ഒരു ഫ്രണ്ടിന്റെ വീടാണത്, അവന്റെ കല്ല്യാണമാണ്. നമുക്ക് അവിടെയൊന്നു കയറണം, അവനെ ഇനിയും കാണാനുള്ളതാ" സുകു വീണത് വിദ്യയാക്കി.

"ശരി,എന്നാ പിന്നെ പാരഗണില്‍ നമുക്ക് നിശ്ചയം ഒക്കെ കഴിഞ്ഞിട്ട് കേറാം"
*******************************************************************************
വീടിന്റെ മുറ്റത്തും സൈഡിലുമായി കുറേ പേരിരുന്ന് ഭക്ഷണം കഴിക്കുന്നുണ്ട്. മുറ്റത്തൊരുത്തന്‍ കള്ളിമുണ്ടും ഉടുത്തോണ്ട് വീട്ടിലേക്ക് കയറി വരുന്നവരോട് കുശലം ചോദിച്ചോണ്ട് നില്പ്പുണ്ട്,ചെക്കനവനാന്നുറപ്പാ, എന്നിട്ടെന്താ ഈ വേഷത്തില്‍?

 ചിലപ്പൊ നാളേയാവും കല്ല്യാണം അതോണ്ടായിരിക്കും ഉടുത്തൊരുങ്ങി നില്‍ക്കാത്തത്.

"കല്ല്യാണം നാളെയാണല്ലേ? അപ്പൊ നോണ്വെജ്ജൊന്നും കാണില്ല. പാരഗണീന്ന് മതിയാരുന്നു...."
നാല് ടെസ്റ്റും തോറ്റ് പ്രസന്റേഷന്‍ സെറിമണിയില്‍ സംസാരിക്കുന്ന ധോണിയുടത്രയും നിരാശ കുമാരേട്ടന്റെ ശബ്ദത്തിലും പ്രകടമായിരുന്നു.
ദേ പിന്നേം പാരഗണ്‍! 'പാര''ഗണ്ണി'നെപ്പറ്റി മാത്രം ചിന്തിക്കാന്‍ ഇങ്ങേരാ കൊട്ടാരക്കര പിള്ളേടെ ആരെങ്കിലുമാണൊ? വീണ്ടും വിഴുങ്ങി.
"അതെ നാളെയാണ്"
മുറ്റത്ത് നിക്കുന്ന ലുങ്കിയുടുത്ത് നില്‍ക്കുന്ന  കക്ഷി സുകുവിന്റെയും കുമാരേട്ടന്റെയും കൈയ്യൊക്കെ പിടിച്ച് കുലുക്കി കൊണ്ട് പറഞ്ഞു:
"അങ്ങോട്ടിരിക്കാം, ഭക്ഷണം കഴിച്ചിട്ട് സംസാരിക്കാം"
ഇത് തന്നെയാണ് കുമാരേട്ടന്‍ ഇച്ഛിച്ചതും ചെക്കന്‍ കല്പ്പിച്ചതും.
*************************************************************************************
"നാളെ കല്ല്യാണമായിട്ടും ചെറുക്കന്റെ മുഖത്തൊരു ദു:ഖഭാവമാണല്ലോ?" ചോറ് നന്നായി ചവച്ചിറക്കുന്നതിനിടയില്‍ കുമാരേട്ടന്‍ ചോദിച്ചു.
"ആദ്യമായി കല്ല്യാണം കഴിക്കുന്നതിന്റെ ടെന്‍ഷന്‍ കൊണ്ടാവും" ഇത് പറഞ്ഞ് ഒന്ന് വലതുവശത്തേക്ക് തിരിഞ്ഞ് നോക്കിയപ്പോഴാണ് ചാണകം മെഴുകിയ തറയില്‍ ഒരിലയില്‍ ഒരുരുള ചോറും ദര്‍ഭപ്പുല്ലും ഇരിക്കുന്നത് സുകു കണ്ടത്.
'അപ്പൊ അടിയന്തിരമായിരുന്നോ ഈശ്വരാ, അഗര്‍ബത്തീടെ സ്മെല്ലടിച്ചപ്പൊഴേ തിരിച്ചറിയണമായിരുന്നു' ; സുകുവിന്റെ ആത്മഗതം.
കുമാരേട്ടന്‍ സംഗതി അറിയുന്നതിന് മുന്‍പങ്ങേരേയും കൊണ്ടിവിടുന്ന് സ്കൂട്ടാവണം, ഏതായാലും ഇടം വലം നോക്കാതെ അടിയന്തരസദ്യ അകത്താക്കുവായത് നന്നായി.
***********************************************************************************
ഒരേമ്പക്കവും വിട്ട് ലുങ്കിക്കാരന്റെ കൈയ്യൊക്കെ പിടിച്ച് വാച്ചില്‍ നോക്കി തിരക്കുണ്ടെന്ന് ഭാവിച്ചിറങ്ങാന്‍ നോക്കുമ്പോ 'പയ്യന്' കുമാരേട്ടന്റെ വക ഫ്രീയായൊരുപദേശം:
"ഇങ്ങനത്തെ ദിവസമൊക്കെ ജീവിതത്തിലൊരിക്കലേ ഉണ്ടാവൂ, മാക്സിമം സന്തോഷിക്കണം. നാളെ മുതലങ്ങോട്ട് അര്‍മാദിക്കാനുള്ളതല്ലേ"
ഉപദേശത്തിനുള്ള നന്ദി കവിളില്‍ പതിക്കാന്‍ കാത്ത് നില്‍ക്കാതെ സുകു തിരിഞ്ഞു നോക്കാതെ നടന്നു.....

Font Problem?

Click here to download the Malayalam fonts.