എ പോസിറ്റീവ്

Posted: Monday, February 20, 2012 by Admin in Labels: ,
3

      2010ഇലെ ഗാന്ധിജയന്തി ദിനം , അടുത്താഴ്ച ആണ് കോളേജില്‍ നാക്ക് അക്രഡിറ്റേഷന്‍ ടീം വിസിറ്റിനു വരുന്നത്. കഴിഞ്ഞ ഒരാഴ്ച ആയിട്ട് എല്ലാ ഡിപ്പാര്‍ട്ട്മെന്റുകളും കഴിഞ്ഞ അഞ്ച് വര്‍ഷം നടത്തിയ പരിപാടികളുടെയെല്ലാം ഫയല്‍ നിര്‍മ്മാണ പ്രക്രിയയില്‍ ആണ് . തികഞ്ഞ ഗുരുഭക്തി കാരണം ആണ് ഞാനും എന്റെ ക്ലാസ്സ്മേറ്റ്സും ഈ ഫയല്‍ നിര്‍മ്മാണ പ്രക്രിയയില്‍ സജീവമായി ഇടപെടുന്നത്. പിന്നെ അപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യം എന്ന് പറയുന്ന പോലെ ഒരു ദിവസമെങ്കില്‍ ഒരു ദിവസം ക്ലാസ്സില്‍ കയറണ്ടല്ലോ. എം എസ്സ് സിക്ക് ചേരുന്നതിന് മുന്‍പ് ഒന്നര വര്‍ഷം ഇന്‍ഫിയില്‍ ( ഞങ്ങള്‍ ടെക്കീസ്സ് അങ്ങനെയാ, ഇന്‍ഫോസിസിനെ ഇന്‍ഫിയെന്നെ പറയൂ. #നിങ്ങള്‍ നാട്ടുകാര്‍ ഇതിനെയാണ് ജാഡ എന്ന് പറയുന്നതെന്നോ) കയില്‍ കുത്തിയതു കൊണ്ട് എനിക്ക് നല്ല ടൈപ്പിങ്ങ് സ്പീഡ് ഉണ്ടാവുമെന്ന് കരുതി ടൈപ്പിങ്ങ് ജോലികള്‍ എന്നെയാണേല്പ്പിച്ചത്.

        റിസഷന്‍ സഹായിച്ച് അഞ്ച് മാസം ബെഞ്ചിലായത് കൊണ്ട് അത്യാവശ്യം ടൈപ്പിങ്ങ് സ്പീഡൊക്കെയുണ്ട്. എന്റെ കഴിവു കൊണ്ടൊന്നുമല്ലാട്ടോ, 5 മാസം തുടര്‍ച്ചയായി എട്ടര മണിക്കൂര്‍ അഞ്ചെട്ട് പെമ്പിള്ളേരോട് ചാറ്റ് ചെയ്താല്‍ ആര്‍ക്കും ഉണ്ടാവും ടൈപ്പിംഗ് സ്പീഡ്.
 എന്റെ ഒരു സഹമുറിയന്‍ (അവന്റെ ഈ വീരകഥ ഞാന്‍ പണ്ടിവിടെ പോസ്റ്റിയാരുന്നു) ഇരുപത്തിമൂന്ന് പേരോട് ഒരേ സമയം ചാറ്റ് ചെയ്ത് റെക്കോര്‍ഡിട്ടതാ. പതിനഞ്ച് ഇഞ്ച് മോണിറ്ററില്‍ ഇരുപത്തി മൂന്ന് വിന്‍ഡോയേ അറേഞ്ച് ചെയ്യാന്‍ സ്ഥലമുള്ളുവായിരുന്നത്രേ. അടുത്ത റിസഷന്‍ വരുമ്പോഴേക്കും ഇരുപതിഞ്ച് മോണിറ്ററാക്കാന്‍ ക്രിസ് ഗോപാലക്രിഷ്ണന് നല്ല ബുദ്ധി വരുത്തണേ...
       ഒടുവില്‍ ടൈപ്പിങ്ങും ഇന്‍ഫിയും എനിക്ക് തന്നെ പാരയായി, ഗാന്ധിജയന്തിയ്ക്ക് ഫയലുണ്ടാക്കാന്‍ കോളേജില്‍ ചെല്ലാന്‍. അതും ഞാന്‍ മാത്രം മതിയെന്ന്, ഒടുവില്‍ ഒരു ഫ്രന്റും കൂടി വരാമെന്ന് സമ്മതിച്ചു. അങ്ങനെ കോളേജിലെത്തി പണി തുടങ്ങാറായപ്പൊ ഒരു ജൂനിയര്‍ ചെറുക്കന്‍ ഓടി വന്നിട്ട് ചോദിച്ചു:
' ചേട്ടന്റെ ബ്ലഡ് ഗ്രൂപ്പേതാ?'
' എ പോസിറ്റീവ്'
'മെഡിക്കല്‍ കോളേജില്‍ കിടക്കുന്ന ഒരു രോഗിയ്ക്ക് അത്യാവശ്യമായി രണ്ട് കുപ്പി എ പോസിറ്റീവ് ബ്ലഡ് വേണം. ചേട്ടന്‍ റെഡിയല്ലേ?'
'റെഡ്ഡിയല്ല, റാവുവാണ്' എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു.
ച്ചെ! ഗ്രൂപ്പേതാന്ന് ചോദിച്ചപ്പൊ എച്ച് ഐ വി പോസിറ്റീവെന്ന് പറഞ്ഞാ മതിയാര്‍ന്ന്.
'ഡാ എന്റെ ശരീരം കണ്ടാല്‍ അവര് തിരിച്ച് ബ്ലഡ് കേറ്റി  എന്നെ പറഞ്ഞയ്ക്ക്ക്വോ?'
'അതൊന്നുമില്ല, ഇതിനെക്കാളും മെലിഞ്ഞ ഒരുപാട് പേര്‍ ഓരോ മൂന്ന് മാസത്തിലും രക്തം കൊടുക്കുന്നു പിന്നെയാ ഇത്. ഇന്നാണെങ്കില്‍ ഗാന്ധിജയന്തിയും. സേവനം ചെയ്യാന്‍ ഇതിലും പറ്റിയ ഒരു ദിവസം വേറെ ഇല്ല. എന്റേത് ഗ്രൂപ്പ് വേറെ ആയിപ്പോയി.'
അല്ലേല്‍ രണ്ട് കുപ്പിയും നീയങ്ങ് കൊടുത്തേനേന്ന് പറയാന്‍ വന്നതാ പിന്നെ അവന്‍ ജിമ്മില്‍ പോയി പെരുപ്പിച്ച് വെച്ച മസ്സിലൊക്കെ കണ്ടപ്പൊ വേണ്ടെന്ന് വെച്ചു.
****** ********* ********     **********  ********** *******      **********  ********** ****
   മെഡിക്കല്‍ കോളേജില്‍ എത്തി രക്തം എടുക്കുന്നതിന് മുന്‍പേ ചെക്കപ്പ് നടത്തുന്ന ലേഡി ഡോക്ടരെ കണ്ടപ്പോ മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി. എന്റെ അത്രയേ പ്രായം ഉണ്ടാവൂ, ഉയരം എന്നെക്കാളും ശകലം കൂടുതലാണോ.
ഏയ് , ഇല്ല. ചെരുപ്പിന്റെ ഹീല്‍ കാരണം തോന്നുന്നതാവും.
 കുടുംബത്തിലോട്ട് ഒരു ഡോക്റ്റര്‍ കേറി വരുന്നതില്‍ വീട്ടുകാര്‍ക്ക് വലിയ പ്രശ്നമൊന്നും ഉണ്ടാവില്ലായിരിക്കും. ഫോണ്‍ നമ്പര്‍ ചോദിച്ചാലോ.
സൈഡില്‍ നില്‍ക്കുന്ന സെക്ക്യൂരിറ്റിയുടെ മീശ കണ്ടപ്പൊ കുടുംബത്തില്‍ ഒരു ഡോക്ടര്‍ വേണ്ടെന്ന് തീരുമാനിച്ചു.

****** ********* ********     **********  ********** *******      **********  ********** ****
      നഴ്സുമാരുടെയും ഡോക്റ്ററുടെയുമൊക്കെ മുന്നില്‍ ആദ്യമായി രക്തം കൊടുക്കുന്നതിന്റെ ഇത്തിരി പേടിയൊക്കെ ഉണ്ടെങ്കിലും മാക്സിമം ധൈര്യം സംഭരിച്ച് തന്നെ കിടന്നു.  രക്തം എടുക്കാന്‍ തുടങ്ങിയപ്പോ ക്രമേണ കൈയും കാലുമൊക്കെ കുഴയാന്‍ തുടങ്ങി, എന്റെ മുഖഭാവം കണ്ടത് കൊണ്ടോ എന്തോ ഒരു നഴ്സ് അടുത്ത് വന്ന് ചോദിച്ചു: ' എന്തേലും പ്രശ്നം തോന്നുന്നുണ്ടോ?'
ഇതെന്റെ അഭിമാനത്തിന്റെ പ്രശ്നമായതു കൊണ്ട് ഇല്ലെന്ന് പറയണമെന്നുണ്ടായിരുന്നു. പാതിയില്‍ അല്പം ഏറെ മാത്രം നിറഞ്ഞ ബ്ല്ഡ്ബാഗ് കണ്ടപ്പൊ മറ്റേ പോസിറ്റീവ് കക്ഷി ചിന്തിക്കുന്ന പോലെ വോ! ദ് ഗ്ലാസ്സ് ഈസ് ഹാഫ് ഫില്ല്ഡ് എന്നും പറയുണമെന്നുണ്ടായിരുന്നു, പക്ഷെ കണ്ണില്‍ കയറിയ ഇരുട്ട് കാരണം 'സിസ്റ്ററേ പ്രശ്നമുണ്ട്' എന്ന് പറഞ്ഞതോര്‍മ്മയുണ്ട്. എവിടുന്നൊക്കെയോ ഓടിക്കൂടിയ മൂന്ന് നഴ്സുമാരും മറ്റേ ഡോക്ടറും കൂടി വെട്ടിയ വാഴക്കുല കറ വാര്‍ന്ന് പോവാന്‍ വെച്ച പോലെ എന്നെ ചുവരിന് ചാരി തല കീഴായി നിര്‍ത്തിയിരിക്കുകയാണ്.

മൂന്ന് ലേഡീസ് എന്നെ താങ്ങിപ്പിടിച്ചിരിക്കയാണെന്നറിഞ്ഞിട്ട് പോലും എന്റെ മനസ്സില്‍ പൊട്ടാത്ത ലഡ്ഡു മനസ്സില്‍ പൊട്ടിയത് അടുത്ത ദിവസം ജൂനിയേര്‍സിന്റെ അഡ്മിഷന്‍ രെജിസ്റ്റര്‍ പൊടി തട്ടി വെക്കാനെടുത്തെപ്പോഴാണ്, എന്നെ സേവനം ചെയ്യാന്‍ പറഞ്ഞ് വിട്ടവെന്റെ ബ്ലഡ് ഗ്രൂപ്പ് 'എ പോസിറ്റീവ്'.

3 comments:

  1. പിന്നെ അപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യം എന്ന് പറയുന്ന പോലെ

    വെറും അപ്പം അല്ല നെയ്യപ്പം......

  1. Admin says:

    ഇതേതായാലും തിരുത്തുന്നില്ല. അടുത്ത പോസ്റ്റില്‍ നെയ്യപ്പമാക്കാം.
    #ങേ!ഇനി മേലാല്‍ പോസ്റ്റ് ഇട്ടു പോവരുതെന്നോ

  1. നന്നായിട്ടുണ്ട് കേട്ടോ........

Font Problem?

Click here to download the Malayalam fonts.