2

  "Life is like a Rubik's cube, which has 43,252,003,274,489,856,000 possible configurations. There are countless numbers of wrong twists and turns, but when you get it right, it looks perfect no matter what way you look at it."

     കഴിഞ്ഞ വര്‍ഷം സിനിമാപ്രേമികളായ മലയാളികള്‍ക്ക് കിട്ടിയ നവ്യാനുഭവത്തിന്റെ തുടര്‍ച്ചയായി വേണം 'ഈ അടുത്ത കാലത്ത്' അതായത് കഴിഞ്ഞ വെള്ളിയാഴ്ച ഇറങ്ങിയ സിനിമകളായ നിദ്രയേയും ഈ അടുത്ത കാലത്തിനെയും' കാണാന്‍. ട്രാഫിക്ക് മുതല്‍ വീശിത്തുടങ്ങിയ മാറ്റത്തിന്റെ കൊടുങ്കാറ്റിന് ഇനിയും ശമനം വന്നിട്ടില്ലെന്നതിന്റെ തെളിവാണ് ഈ അടുത്ത കാലത്ത്'.  യൂറ്റ്യൂബും ടോറന്റും ഒന്നും പരിചയമില്ലാത്ത സാധാരണ മലയാളിക്ക് മുന്‍പില്‍ ബട്ടര്‍ഫ്ലൈ ഓണ്‍ ദി വീല്‍സിനെ മനോഹരമായി അവതരിപ്പിച്ച ( ടോറന്റന്മാരുടെ ഭാഷയില്‍ സീന്‍ ബൈ സീന്‍ കോപ്പി) അരുണ്‍ കുമാര്‍ അരവിന്ദിന് തന്റെ രണ്ടാമത്തെ സംവിധാനസംരഭത്തിലും പ്രേക്ഷകനെ രസിപ്പിക്കാന്‍ കഴിഞ്ഞു എന്ന് വേണം പറയാന്‍.

    ഈയിടെ വാര്‍ത്തകളില്‍ ഇടം പിടിച്ച വിളപ്പിന്‍ശാല മാലിന്യസംസ്കരണ പ്ലാന്റിനോട് സാദൃശ്യമുള്ള തൈപ്പില്‍ ശാലയില്‍ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങളില്‍ നിന്നും കൗതുകവസ്തുക്കള്‍ നിര്‍മ്മിച്ച് ജീവിക്കുന്ന വിഷ്ണു, വിഷ്ണുവിന്റെ ഭാര്യ രേണുക, ഹോസ്പിറ്റല്‍ എംഡി ആയ അജയ് കുര്യന്‍, ഭാര്യ  മാധുരി, ടി വി റിപ്പോര്‍ട്ടര്‍ രൂപ, കമ്മീഷണര്‍ ടോമി തുടങ്ങിയ കഥാപാത്രങ്ങളെ ചുറ്റിപറ്റിയാണ് 'ഈ അടുത്ത കാലത്ത് നടന്ന യഥാര്‍ത്ഥ സംഭവം' എന്ന കാപ്ഷനോടു കൂടി പുറത്തിറങ്ങിയ സിനിമയുടെ കഥ പുരോഗമിക്കുന്നത്. ചെറിയ രീതിയിലാണെങ്കില്‍ കൂടി മാലിന്യ പ്രശ്നം, സമൂഹത്തില്‍ വേരുറപ്പിക്കുന്ന കൊട്ടേഷന്‍ സംഘങ്ങള്‍, ബ്ലൂ ഫിലിം മാഫിയ എന്നിവയെക്കുറിച്ച് ഒരു മെസേജ് കൂടി കണ്‍വേ ചെയ്യാന്‍ ഈ സിനിമ ശ്രമിക്കുന്നുണ്ട്.
     അച്ഛന്‍ ഭരത് ഗോപിയേക്കാളും കഴിവുണ്ടെന്ന് തെളിയിച്ച് കൊണ്ടിരിക്കുന്ന മുരളി ഗോപിയുടെ പങ്കാണ് ഈ ചിത്രത്തിന്റെ എടുത്ത് പറയേണ്ട ഒരു സവിശേഷത. ഒരു റൂബിക്ക്സ് ക്യൂബ് സോള്‍വ് ചെയ്യുന്ന രീതിയില്‍ കഥാപാത്രങ്ങളുടെ ജീവിത പ്രശ്നങ്ങളെ സോള്‍വ് ചെയ്യുന്ന ഈ സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന അനൂപ് മുരളി തന്നെയാണ് നായകനായ ഇന്ദ്രജിത്തിനോളം തന്നെ പ്രാധാന്യമുള്ള അഭിനയസാധ്യതയുള്ള അജയ് കുര്യനെ തന്മയത്തത്തോടെ അവതരിപ്പിച്ചതും. ആദ്യമായി തിരക്കഥ എഴുതിയ രസികന്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതിരുന്നതിന്റെ എല്ലാ കുറവുകളും തുടച്ചുകളയാന്‍ ഭ്രമരത്തിലൂടെ തിരിച്ചുവരവ് നടത്തിയ മുരളി ഗോപിയ്ക്ക് കഴിഞ്ഞു. ഇന്ദ്രജിത്ത്, മൈഥിലി,ജഗതി,ബൈജു എന്നിവരോടൊപ്പം മാധുരിയായി സ്ക്രീനിലെത്തിയ ബംഗാളി മോഡല്‍ തനുശ്രീ ഘോഷും മികച്ച പ്രകടനം ആണ് കാഴ്ച വച്ചത്. കോക്ക്ടെയിലിലെയും ബ്യൂട്ടിഫുളിലെയും കഥാപാത്രങ്ങളുടെ അത്രയ്ക്ക് ഡെപ്ത് ഉള്ള കഥാപാത്രം ഒന്നുമല്ലെങ്കിലും അനൂപ് മേനോനും മുറിമലയാളം പറയുന്ന ഹിന്ദിക്കാരന്‍ ചോക്ലേറ്റ് പയ്യനായ നിഷാനും തങ്ങളുടെ റോള്‍ ഭംഗിയാക്കി.

പോസിറ്റീവ്സ്:
# മുരളി ഗോപിയുടെ കഥയും തിരക്കഥയും
# സിനിമയുമായി ഇഴ ചേര്‍ന്ന പാശ്ചാത്തല സംഗീതം
# ചിത്രീകരണ മികവ്, പ്രത്യേകിച്ചും ഗാനങ്ങളുടെ പിക്ചറൈസേഷന്‍
# കോമഡിക്കായി പ്രത്യേകം താരങ്ങളില്ലാതെ കഥയ്കാവശ്യമായ നര്‍മ്മം മാത്രം ഉള്‍ക്കൊള്ളിച്ചൊരിക്കിയ സംഭാഷണങ്ങള്‍.
# അഭിനേതാക്കളുടെ അഭിനയമികവ്

നെഗറ്റീവ്സ്:

#ശരാശരി നിലവാരം മാത്രം പുലര്‍ത്തുന്ന ഗോപീ സുന്ദറും റഫീഖ് അഹമ്മദും ചേര്‍ന്നൊരുക്കിയ ഗാനങ്ങള്‍. ഒരു വഴിയായി എന്ന ഗാനം വലിയ തെറ്റില്ലെന്ന് പറയാം.
# അബൂബക്കറിനെ പോലെ 'അതിവായന' നടത്തുകയാണെങ്കില്‍ തോപ്പില്‍ശാല മാലിന്യ പ്രശ്നം, കൊട്ടേഷന്‍ സംഘങ്ങള്‍, ബ്ലൂ ഫിലിം മാഫിയ എന്നിവയെ കുറച്ചു കൂടി വിമര്‍ശനാത്മകം ആക്കാമായിരുന്നു.  (ഒരു പക്ഷെ ഈ ചിത്രം ഇപ്പോള്‍ അവകാശപ്പെടുന്ന മികവ് ചോര്‍ന്ന് പോവാന്‍ സാധ്യത ഉണ്ടായിരുന്നതിനാലാവാം.)
# ആദ്യ പകുതി അല്പം കൂടി മികവുറ്റതാക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ ഒരു മികച്ച സിനിമാനുഭവമാക്കി മാറ്റാമായിരുന്നു ഈ അടുത്ത കാലത്തിനെ.

റേറ്റിംഗ് : 7.5/10
 ഇമേജ് കട: മെട്രൊമാറ്റിനി ഫേസ്ബുക്ക് പേജ്


PS: ഫേസ്ബുക്കില്‍ പോസ്റ്റാന്‍ വേണ്ടി എഴുതി  തുടങ്ങിയതാ ഇത്രയും നീണ്ട് പോയ സ്ഥിതിയ്ക്ക് ബ്ലോഗില്‍ ഇടാമെന്ന് വെച്ചു.

2 comments:

  1. Anonymous says:

    vayikkan vayya sir..ee colour matooo

  1. ഫീഡ്ബാക്കിന് നന്ദി... ഇപ്പൊ വായിക്കാന്‍ പറ്റുമെന്ന് വിചാരിക്കുന്നു

Font Problem?

Click here to download the Malayalam fonts.