6

     സുകുമാരന് കല്ല്യാണം പണ്ടേ ഒരു വീക്ക്നെസ്സാണ്,  കോളേജില്‍ പഠിക്കുന്ന കാലം തൊട്ടേ പറ്റാവുന്ന കല്ല്യാണ വീട്ടിലെല്ലാം പോയി സദ്യയുണ്ണലാണ് പുള്ളിയുടെ ഹോബി. സദ്യയുടെ കാര്യത്തില്‍ സുകു സോഷ്യലിസ്റ്റാണ്, പാവപ്പെട്ടവന്‍ മുതല്‍ മന്ത്രിമാര്‍ വരെയുള്ളവരുടെ വീട്ടില്‍ ക്ഷണിച്ചതാണോ അല്ലയോന്ന് പോലും നോക്കാതെ സുകു കല്ല്യാണത്തിന് പോവും. പിന്നെ ക്ഷണിക്കാത്ത കല്ല്യാണത്തിന് പോയി ഗിഫ്റ്റ് കൊടുക്കാനൊന്നും സുകുവിനെ കിട്ടില്ല. വേറൊന്നും കൊണ്ടല്ല താനൊരു ഗിഫ്റ്റ് കൊടുത്താല്‍ അവര്‍ അത് തന്റെ വീട്ടില്‍ എന്തേലും ഒരു ചടങ്ങുണ്ടാവുമ്പോ തിരിച്ച് തരണ്ടേ? എന്തിനാ വേറുതെ അവരെ ബുദ്ധിമുട്ടിക്കുന്നേ?
      ബാങ്ക് ക്ലര്‍ക്കായി ജോലി കിട്ടിയിട്ടും 'പാര്‍ട്ടിയെ നന്നാക്കാന്‍ (അതോ സ്വയം നന്നാക്കാനോ?) എം എല്‍ എ സ്ഥാനം ഉപേക്ഷിച്ച ശെല്‍വരായണ്ണനെപ്പോലെ' സുകു തന്റെ കല്ല്യാണസ്നേഹം ഉപേക്ഷിച്ചില്ല.
ഈ സ്നേഹം കാരണം ഇരുപത്തിയാറ് തികഞ്ഞേന്റന്ന് സുകുവും ബ്രോക്കര്‍ കുമാരേട്ടനും കൂടി ആദ്യ പെണ്ണ് കാണലിനിറങ്ങി.
"എന്റമ്മോ! ഇത്രേം വല്ല്യ വീട്ടിലെ പെണ്ണ് വേണോ കുമാരേട്ടാ?"
"നീ വീടിനെയല്ലല്ലോ പെണ്ണിനെയല്ലേ കെട്ടുന്നത്, അപ്പൊ പെണ്ണിന്റെ വലിപ്പം നോക്കിയാല്‍ മതി"
"എന്നാലും..."
"ഒരെന്നാലും ഇല്ല, വീട്ടിലൊക്കെ കേറി വരാന്‍ തീരുമാനിച്ചിരിക്കുന്ന മഹാലക്ഷ്മിയെ പുറം കാല് കൊണ്ട് പോസ്റ്റിനു പറത്തെക്കടിച്ച് കളയാന്‍ നീ ഹിഗ്വിറ്റയൊന്നുമല്ലല്ലോ അല്ലേ"
മനുഷ്യന്റെ ചങ്ക് ഇടിക്കുന്നത് മിനിറ്റില്‍ 144 പ്രാവശ്യമാ അപ്പൊഴാ അങ്ങേരുടെ അവിഞ്ഞ തമാശ.
"ആരാ ഈ ഹിഗ്വിറ്റ? കമാരേട്ടന്റെ അമ്മാവന്റെ മോനാണോ?"
"അല്ല എന്റെ വകേലൊരു തന്തയായി വരും"
'അതെനിക്ക് കണ്ടപ്പൊഴേ തോന്നിയാരുന്നു ഒന്നിലധികം ടീംസുണ്ടാവുന്ന്' എന്ന് പറയണമെന്നുണ്ടായിരുന്നെങ്കിലും സുകു അത് വിഴുങ്ങി.
**********************************************************************************
പെണ്ണ് കാണല്‍ കഴിഞ്ഞു , അവര്‍ പതിവ് മറുപടിയും പറഞ്ഞു:
"കാരണോമ്മാരൊടൊക്കെ ആലോചിച്ചിട്ട് ജാതകം പറ്റുവാണേല്‍ ഞങ്ങള്‍ അങ്ങോട്ടറിയിക്കാം"
"ഞാന്‍ വേണേല്‍ ഇവിടെ വന്നന്വേഷിച്ചോളാം"
"ബുദ്ധിമുട്ടണമെന്നില്ല" തല മൂത്ത കാരണവരുടെ ആ മറുപടിയുടെ അര്‍ത്ഥം ഇനിയും അവളേം ആ വീടും സ്വപ്നം കണ്ട് ബുദ്ധിമുട്ടണമെന്നില്ലെന്നാണോ? 'ഏയ് അതാവാന്‍ വഴിയില്ല'.

ഇനിയിപ്പൊ അഞ്ചാം മന്ത്രിയാവാനുള്ള വിളിയും കാത്തിരിക്കുന്ന മറ്റേകുഴി കലിയെപ്പോലെ പെണ്ണ് വീട്ടുകാരുടെ വിളിയും കാത്തിരിക്കണമല്ലോ എന്റെ ദൈവമേ.

കാത്തിരിപ്പിനേക്കാളും വല്ല്യ കുരിശാണല്ലോ കൂടെയുള്ള കുമാരണ്ണന്‍, ബ്രോക്കര്‍ ഫീസ് കല്ല്യാണനിശ്ചയം കഴിഞ്ഞിട്ട് മതീന്ന് വെക്കാം, ഇപ്പൊ ഒരു നൂറ് രൂപയും ഉച്ചഭക്ഷണവും കൊടുക്കേണ്ടി വരും.  ഹോട്ടലില്‍ കേറിയാല്‍ അങ്ങേര്‍ ബിരിയാണീല്‍ കുറഞ്ഞൊന്നും കഴിക്കില്ലെന്നുറപ്പാ.പോക്കറ്റില്‍ ആകെയുള്ളത് ഇരുനൂറ്റമ്പത് രൂപ.

"ലഞ്ച് നമുക്ക് പാരഗണീന്ന് കഴിക്കാല്ലേ"
വീട്ടീ പഴങ്കഞ്ഞീം ചമ്മന്തീം കഴിക്കണ മനുഷ്യനാണ് ഇപ്പൊ പാരഗണീന്നേ കഴിക്കാന്‍ പറ്റൂന്ന് ചിന്തിച്ചപ്പൊഴാ റോഡരികിലെ വലിയ വീട്ടിലെ ചെറിയ പന്തല്‍ സുകുവിന്റെ ശ്രദ്ധയില്‍ പെട്ടത്.

"ഞാന്‍ മറന്നു, എന്റെ ഒരു ഫ്രണ്ടിന്റെ വീടാണത്, അവന്റെ കല്ല്യാണമാണ്. നമുക്ക് അവിടെയൊന്നു കയറണം, അവനെ ഇനിയും കാണാനുള്ളതാ" സുകു വീണത് വിദ്യയാക്കി.

"ശരി,എന്നാ പിന്നെ പാരഗണില്‍ നമുക്ക് നിശ്ചയം ഒക്കെ കഴിഞ്ഞിട്ട് കേറാം"
*******************************************************************************
വീടിന്റെ മുറ്റത്തും സൈഡിലുമായി കുറേ പേരിരുന്ന് ഭക്ഷണം കഴിക്കുന്നുണ്ട്. മുറ്റത്തൊരുത്തന്‍ കള്ളിമുണ്ടും ഉടുത്തോണ്ട് വീട്ടിലേക്ക് കയറി വരുന്നവരോട് കുശലം ചോദിച്ചോണ്ട് നില്പ്പുണ്ട്,ചെക്കനവനാന്നുറപ്പാ, എന്നിട്ടെന്താ ഈ വേഷത്തില്‍?

 ചിലപ്പൊ നാളേയാവും കല്ല്യാണം അതോണ്ടായിരിക്കും ഉടുത്തൊരുങ്ങി നില്‍ക്കാത്തത്.

"കല്ല്യാണം നാളെയാണല്ലേ? അപ്പൊ നോണ്വെജ്ജൊന്നും കാണില്ല. പാരഗണീന്ന് മതിയാരുന്നു...."
നാല് ടെസ്റ്റും തോറ്റ് പ്രസന്റേഷന്‍ സെറിമണിയില്‍ സംസാരിക്കുന്ന ധോണിയുടത്രയും നിരാശ കുമാരേട്ടന്റെ ശബ്ദത്തിലും പ്രകടമായിരുന്നു.
ദേ പിന്നേം പാരഗണ്‍! 'പാര''ഗണ്ണി'നെപ്പറ്റി മാത്രം ചിന്തിക്കാന്‍ ഇങ്ങേരാ കൊട്ടാരക്കര പിള്ളേടെ ആരെങ്കിലുമാണൊ? വീണ്ടും വിഴുങ്ങി.
"അതെ നാളെയാണ്"
മുറ്റത്ത് നിക്കുന്ന ലുങ്കിയുടുത്ത് നില്‍ക്കുന്ന  കക്ഷി സുകുവിന്റെയും കുമാരേട്ടന്റെയും കൈയ്യൊക്കെ പിടിച്ച് കുലുക്കി കൊണ്ട് പറഞ്ഞു:
"അങ്ങോട്ടിരിക്കാം, ഭക്ഷണം കഴിച്ചിട്ട് സംസാരിക്കാം"
ഇത് തന്നെയാണ് കുമാരേട്ടന്‍ ഇച്ഛിച്ചതും ചെക്കന്‍ കല്പ്പിച്ചതും.
*************************************************************************************
"നാളെ കല്ല്യാണമായിട്ടും ചെറുക്കന്റെ മുഖത്തൊരു ദു:ഖഭാവമാണല്ലോ?" ചോറ് നന്നായി ചവച്ചിറക്കുന്നതിനിടയില്‍ കുമാരേട്ടന്‍ ചോദിച്ചു.
"ആദ്യമായി കല്ല്യാണം കഴിക്കുന്നതിന്റെ ടെന്‍ഷന്‍ കൊണ്ടാവും" ഇത് പറഞ്ഞ് ഒന്ന് വലതുവശത്തേക്ക് തിരിഞ്ഞ് നോക്കിയപ്പോഴാണ് ചാണകം മെഴുകിയ തറയില്‍ ഒരിലയില്‍ ഒരുരുള ചോറും ദര്‍ഭപ്പുല്ലും ഇരിക്കുന്നത് സുകു കണ്ടത്.
'അപ്പൊ അടിയന്തിരമായിരുന്നോ ഈശ്വരാ, അഗര്‍ബത്തീടെ സ്മെല്ലടിച്ചപ്പൊഴേ തിരിച്ചറിയണമായിരുന്നു' ; സുകുവിന്റെ ആത്മഗതം.
കുമാരേട്ടന്‍ സംഗതി അറിയുന്നതിന് മുന്‍പങ്ങേരേയും കൊണ്ടിവിടുന്ന് സ്കൂട്ടാവണം, ഏതായാലും ഇടം വലം നോക്കാതെ അടിയന്തരസദ്യ അകത്താക്കുവായത് നന്നായി.
***********************************************************************************
ഒരേമ്പക്കവും വിട്ട് ലുങ്കിക്കാരന്റെ കൈയ്യൊക്കെ പിടിച്ച് വാച്ചില്‍ നോക്കി തിരക്കുണ്ടെന്ന് ഭാവിച്ചിറങ്ങാന്‍ നോക്കുമ്പോ 'പയ്യന്' കുമാരേട്ടന്റെ വക ഫ്രീയായൊരുപദേശം:
"ഇങ്ങനത്തെ ദിവസമൊക്കെ ജീവിതത്തിലൊരിക്കലേ ഉണ്ടാവൂ, മാക്സിമം സന്തോഷിക്കണം. നാളെ മുതലങ്ങോട്ട് അര്‍മാദിക്കാനുള്ളതല്ലേ"
ഉപദേശത്തിനുള്ള നന്ദി കവിളില്‍ പതിക്കാന്‍ കാത്ത് നില്‍ക്കാതെ സുകു തിരിഞ്ഞു നോക്കാതെ നടന്നു.....

6 comments:

  1. കൊള്ളാം ട്ടാ

  1. കൊള്ളാടാ..

    ഇത് വായിച്ചപ്പോളാണ് പണ്ട് എനിക്കുണ്ടായ ഒരു അനുഭവം ഓര്‍മ വന്നത്(ഇങ്ങനെ ആണല്ലോ പ്രശസ്ത ബ്ലോഗേഴ്സ് അഭിപ്രായം പറയുക)
    എന്റെ ഒരു സുഹൃത്തിന്റെ ഗൃഹപ്രവേശമാണ്. ഞാനാണെങ്കില്‍ ഓഫീസില്‍ നിന്ന് ഇറങ്ങാന്‍ ലേറ്റായി ഇരിക്കുന്നു. എങ്ങിനെ എങ്കിലും അവന് ഒരു ബൊക്കെ അയച്ച് കൊടുത്തിട്ട് രാത്രിയാവുമ്പോഴേക്കും നേരിട്ട് ചെല്ലാം എന്ന് വിചാരിച്ചു. ബൊക്കെ അഡ്രസിലേക്ക് എത്തിച്ച് കൊടുക്കുന്ന വന്‍കിട സ്ഥാപനത്തിലേക്ക് ഫോണ്‍ ചെയ്ത് ഒരു ബൊക്കെ ബുക്ക് ചെയ്തു. രാത്രി പത്തര ആയപ്പോള്‍ അവന്റെ വീട്ടിലെത്തി. അവിടെ ഒരു മൂലക്ക് കിടക്കുന്ന ബൊക്കെകളുടെ കൂമ്പാരത്തില്‍ ഞാനെന്റെ ബൊക്കെ തിരഞ്ഞു. അതിലെഴുതിയ വാക്കുകള്‍ കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിത്തരിച്ചു പോയി. "ആത്മാവിന് ആദരാഞ്ജലികള്‍ -ശ_ത്". എനിക്ക് ദേഷ്യം വന്നു. വേഗം ആ പൂക്കടക്കാരനെ ഫോണ്‍ ചെയ്ത് ചൂടായി. അപ്പോള്‍ അവിടത്തെ മാനേജര്‍ എന്നേക്കാള്‍ കൂടുതല്‍ ഞെട്ടല്‍ പ്രകടിപ്പിച്ചു. അയാള്‍ പറഞ്ഞു 'സാറേ എനിക്ക് പറ്റിയത് അതിലും വലിയ അബധമാ. ഒരു അടിയന്തിരത്തിന് അയച്ച റീത്തിമ്മേലാണ് സാറിന്റെ ബൊക്കെയില്‍ എഴുതാനുള്ളത് എഴുതിയത് "പുതിയ താമസസ്ഥലത്തേക്ക് മാറുന്നതിന് ആശംസകള്‍"

    എന്‍.ബി: ഇത് എന്റെ അനുഭവമൊന്നുമല്ല. ചുമ്മാ ഷോ!!

  1. അതെന്താടോ കവിളില്‍ പതിയാന്‍ നിക്കണേന്റെ മുന്നേസ്ഥലംവിട്ടേ....

  1. Admin says:

    സത്യം പറ നീ അല്ലേ ആ ബൊക്കകടക്കാരന്‍....

  1. Admin says:

    പെണ്ണ് കാണല്‍ തുടങ്ങുമ്പോഴേക്കും കവിളില്‍ പതിപ്പിക്കാന്‍ തുടങ്ങിയാല്‍ കല്ല്യാണം കഴിഞ്ഞിട്ടുള്ളതൊക്കെ ഞാനെവിടെ കൊണ്ട് പതിപ്പിക്കും

  1. കിടു....അളിയാ....#ഓര്‍മ്മക്കുറിപ്പുകള്‍‍ ഇനിയും പ്രതീക്ഷിക്കുന്നു......

Font Problem?

Click here to download the Malayalam fonts.