Showing posts with label നര്‍മ്മം. Show all posts
Showing posts with label നര്‍മ്മം. Show all posts
23

    തൂങ്ങിച്ചാവാന്‍ മാവില്‍ കയറീട്ട് മുകളീന്ന് ചാടി ചാവാന്‍ ശ്രമിച്ച തന്തേടേ മോനല്ലേ നീ എന്ന കളിയാക്കല്‍ മിന്റു കേള്‍ക്കാന്‍ തുടങ്ങീട്ട് നാളേറെ ആവുന്നു, ഇന്നിപ്പൊ ചത്തേ പറ്റൂ എന്നായിരിക്കുന്നു. ഐ ടി ഐ വിദ്യാഭ്യാസം പാതി വഴിയിലുപേക്ഷിച്ച് MCA യ്ക്ക് ജോയിന്‍  ചെയ്തതാ മിന്റു. ഡിഗ്രി പാസ്സാവത്തന് എം സി എയ്ക്ക് ചേരാന്‍ പറ്റുവോന്ന് നിങ്ങള്‍ക്കൊരു സംശയം ഉണ്ടാവും, ആ MCA അല്ല ഇത്.

മാസ്റ്റര്‍ ഓഫ് സിമന്റ് ആപ്ലിക്കേഷന്‍, ചുമരില്‍ സിമന്റും മണലും മിക്സ്
ചെയ്തത് അപ്പ്ലൈ ചെയ്യുന്ന ആ പണി.

ലൈഫ് ടൈം ആണെന്ന് കരുതി തുടങ്ങിയ ഒരു കണക്ഷന്‍ വീട്ടില്‍ തേങ്ങയിടാന്‍ വന്നവന്റെ
സിക്സ് പാക്ക് കണ്ട് കൂടെ ഇറങ്ങിപ്പോയതറിഞ്ഞ് നില്‍ക്കുന്ന മിന്റുവിന്റെ മുന്നില്‍ കാലന്‍ പോസ്റ്റ്മാന്റെ രൂപത്തിലവതരിച്ചു.  അവള് തന്റെ പേരിലൊരു കത്തും എഴുതി അയച്ചിട്ട് ഇറങ്ങിപ്പോയപ്പോ ഉണ്ടായ വിഷമത്തേക്കാള്‍ കൂടുതല്‍ ഉണ്ടായത് കത്തില്‍ ആവശ്യത്തിന് സ്റ്റാമ്പൊട്ടിക്കാത്തോട്ട് 'ഹാന്‍സ്' വാങ്ങാന്‍ വെച്ച 5 രൂപ പോസ്റ്റ്മാനെടുത്ത് കൊടുക്കേണ്ടി വന്നപ്പോഴാ...

    ആത്മസ്നേഹിതന്റെ "പെണ്ണിന്റെ ചിരിയും ആന്‍ഡ്രോയിഡിലെ ബാറ്ററി ലെവലും
കണ്ടൊരുപാട് സ്വപ്നം കാണല്ലേന്ന് അന്നേ ഞാന്‍ പറഞ്ഞതല്ലേന്ന" വാക്ക്
കേട്ടപ്പോ 'നിന്റെ ആ കരിനാക്ക് ചൊറിപിടിച്ച് പുഴുത്ത് പോവ്വേള്ളൂ' എന്ന്
മനസ്സിലോര്‍ത്ത് കൊണ്ട് വീട്ടില്‍ വെള്ളം കോരുന്ന കയറും
എടുത്തോണ്ടിറങ്ങി, അച്ഛന്റെ പഴയ വീരകഥയിലെ അതേ മാവും ലക്ഷ്യമാക്കി മിന്റു നടന്നു.


           രാവിലെ മുതല്‍ വൈകുന്നേരം വരെ കൂട്ടിക്കൊടുത്തുണ്ടാക്കിയ (സിമന്റും
മണലും കൂട്ടികൊടുത്ത കാര്യാണ് കവി ഉദ്ദേശിച്ചത്, തെറ്റിദ്ധരിച്ചല്ലേ?)
കാശ് കുറേ അവള് അടിച്ചെടുത്തെതാ ഐസ്ക്രീമെന്നും ചുരിദാറെന്നുമൊക്കെ പറഞ്ഞ്.
 ഒരു കുപ്പി റം വാങ്ങാന്‍ ബിനുവും ഷുക്കൂറും ഷെയറ് ചോദിച്ചപ്പോ കൊടുക്കാതെ വച്ച
കാശാ. വേറൊന്തൊക്കെ കേട്ടാലും ഓസിന് കള്ള് കുടിക്കുന്നവന്‍ന്ന് ഒരു കുടിയനും കേള്‍ക്കാനാഗ്രഹിക്കില്ല. അവള്‍ക്ക് വേണ്ടി താനതും കേള്‍ക്കേണ്ടി വന്നു. ഇനി ആത്മഹത്യ ചെയ്തില്ലേല്‍ സ്നേഹിച്ച പെണ്ണ് ചതിച്ചിട്ടും ആത്മഹത്യ ചെയ്യാന്‍ പോലും തന്റേടം ഇല്ലാത്തവന്‍ എന്ന ചീത്തപ്പേര് കൂടി കേള്‍ക്കേണ്ടി വരും.   
       ആത്മഹത്യ പാപമൊക്കെയാണ് , പക്ഷെ ഒരു താത്കാലികാശ്വാസത്തിന് വേണ്ടി
ആത്മഹത്യ ചെയ്യുന്നതില്‍ കുഴപ്പമില്ലെന്ന് ഈയിടെ പ്രശസ്ത ബ്ലോഗര്‍ ധനേഷ്
നായര്‍ ട്വീറ്റിയിട്ടുണ്ട്, ഇത് മുന്‍പേ മിന്റു മനസ്സിലാക്കിയിരിക്കണം.
     ആത്മഹത്യ ചെയ്യാന്‍ മാവില്‍ കുരുക്കിട്ടിട്ട് അവസാനമായി ഈ ഭൂമിയുടെ സൗന്ദര്യം മാങ്കൊമ്പിലിരുന്നാസ്വാദിക്കുന്നതിനിടയില്‍ ഉറങ്ങിപ്പോവുകയും മാവീന്ന് വീണ് കാലൊടിയുകയും ചെയ്ത അച്ച്ഛന്റെ അവസ്ഥ തനിക്കുണ്ടാവരുതെന്നുള്ളത് കൊണ്ട് മിന്റുവിന്റെ ഓരോ ചുവടുകളും വളരെ ശ്രദ്ധിച്ചായിരുന്നു.

"എങ്ങോട്ടാഡേ കയറൊക്കെയായിട്ട്, പശൂനെ വാങ്ങാന്‍ പോവാണോ ലൈന്‍ പൊട്ടിയപ്പോ?" രാമേട്ടന്റെ ചായക്കടയില്‍ ചൊറിയും കുത്തിയിരുന്ന് പത്രം വായിക്കുന്ന ബിനുവിന്റെയാണ്
ചോദ്യം.
"അല്ല, തൂങ്ങിച്ചാവാന്‍ പോവ്വാ"
"പണിയ്ക്ക് പോയി നാല് കാശുണ്ടാക്കാന്‍ തുടങ്ങിയിട്ട് ദിവസം രണ്ടേ ആയുള്ളൂ,
അപ്പോഴേക്കും നീ കൂട്ടുകാരൊടൊക്കെ തര്‍ക്കുത്തരം പറയാന്‍ തുടങ്ങി അല്ലേ. നീ വൈകുന്നേരം ഓസീന് മോന്താന്‍ വരുമ്പൊ കാണിച്ച് തരാം"
'ഈശ്വരാ! ഇപ്പൊ സത്യം മാത്രം പറയുന്ന എനിക്കും ആന്റണിയ്ക്കും ഒന്നും ഒരു വിലയുമില്ല"

തൂങ്ങിച്ചാവുന്നതിന് മുന്‍പ് ഷുക്കൂറിനെയൊന്നു കണ്ടേക്കാന്ന് കരുതി ഗേറ്റ് കടന്നപ്പോള്‍ വീടിന്റെ പടിക്കല്‍ തന്നെ ഷുക്കൂറിന്റെ പെങ്ങള്‍ മൈമൂന നോക്കിയാ എക്സ്2വിന്റെ ഫ്ലാഷ് പോലുള്ള ചിരിയുമായി നില്പ്പുണ്ട്. പഴേ നോക്കിയ 3310 യുടെ കളറ് ബോഡിയാണെങ്കിലും രൂപം വെച്ച് നോക്കിയാല്‍ അവളൊരു N95 തന്നെ.
അവളൊന്ന് പുഞ്ചിരിച്ചു; ഞാന്‍ എല്ലാം അറിഞ്ഞൂട്ടോന്ന് വിളിച്ച് പറയുന്ന പുഞ്ചിരി.

അവക്ക് പണ്ടെന്നെയൊരു നോട്ടമുണ്ടായിരുന്നതാ, നല്ല വൈറ്റ് ഗാലക്സി S2 ഉള്ളപ്പോ ആരേലും ബാറ്ററി ബാക്കപ്പും നോക്കി 3310 എടുക്കുമോ, അതേ താനും ചെയ്തുള്ളൂ.

"ഷൂക്കൂറിക്കാ ഇതാരാ വന്നിരിക്കുന്നേന്ന് നോക്കിയേ"
"മിന്റുവോ, പോത്തിനെ ഗേറ്റിന് പുറത്താണോ പാര്‍ക്ക് ചെയ്തത്?; അല്ല കൈയ്യില്‍ കയറൊക്കെ കണ്ടോണ്ട് ചോദിച്ചതാ"
"അല്ല, നിന്റെ ബാപ്പയ്ക്ക് കഴിഞ്ഞ ബലിപെരുന്നാളിനറക്കാന്‍ കൊടുത്തതില്‍ പിന്നെ പള്‍സറിലാ യാത്ര"
"നീ ചൂടാവല്ലേ. ഞാന്‍ എല്ലാം അറിഞ്ഞു. നീ വിഷമിക്കാതിരി. അവള് പോണേങ്കില്‍ പോട്ടെ, എല്ലാം നല്ലതിനായിരിക്കും"
"അവള് വല്ലോന്റെയും കൂടെ പോയതിനും പോലീസ് പൊക്കിയതെന്നെ, ശിക്കാരി കൂടി പൊട്ടിയ മമ്മുക്കയുടെ അതേ അവസ്ഥയിലാ ഞാന്‍. ഒരു പക്ഷെ ഇത് നമ്മുടെ അവസാനത്തെ കൂടിക്കായ്ചയാവും"
"നീ കടുംകൈ ഒന്നും കാണിക്കരുത്, ഇതൊക്കെ നാട്ടുകാര് പെട്ടെന്ന് മറക്കും. ഒന്ന് കുളിച്ചാല്‍ പോവാത്ത നാറ്റമുണ്ടോ?, അവളുടെ തന്തപ്പടി ഫോണെടുത്ത് നോക്കിയപ്പൊ ഇന്‍ബോക്സ് നിറയെ നിന്റെ മെസ്സേജസ്, എല്ലാ മെസ്സേജിന്റെയും അവസാനം ചുംബിക്കുന്ന സ്മൈലിയും കണ്ടാല്‍ ഏത് തന്തപ്പടിയും നീ തന്നെയാ അടിച്ചോണ്ട് പോയതെന്നേ കരുതൂ."
"എന്നാലും അവളെന്നെ ഇട്ടിട്ട് പോയല്ലോന്നോര്‍ക്കുമ്പോ....."

"അവള് ഭാവിയെപ്പറ്റി ചിന്തയുള്ളോളാ, അതോണ്ടല്ലേ ഡെയിലി പത്തെണ്ണൂറ് രൂപയ്ക്ക് പണിയെടക്കുന്നവന്റെയൊപ്പം പോയത്; പിന്നെ അവന്റപ്പന്‍ ഉണ്ടാക്കി വെച്ച സ്വത്ത് മുഴുവന്‍ അനുഭവിക്കാന്‍ ആണും പെണ്ണും കെട്ടവനായിട്ടവനൊരുത്തനല്ലേ ഉള്ളൂ. നിന്റപ്പനാകെ ഉണ്ടാക്കിയിട്ടത് നിങ്ങള്‍ നാലെണ്ണത്തിനെയാ. "

"പിന്നേ ഭാവിയെപറ്റി ചിന്തയുണ്ടെങ്കില്‍ അവളൊരു തെങ്ങ് കയറ്റക്കാരന്റൊപ്പം പോവുമായിരുന്നോ, ഒന്ന് കാല് തെറ്റിയാല്പ്പോരേ തെങ്ങീന്ന് വീണ് ചാവാന്‍..."

"അത് തന്നെയാ അവള്‍ക്ക് ഭാവിയെപറ്റി ചിന്തയുണ്ടെന്ന് പറയാന്‍ കാരണം, അവളുടെ അച്ച്ഛന്‍ കുമാരനാണവനെ കൊണ്ട് 10ലക്ഷത്തിന്റെ എല്‍ഐസി പോളിസി എടുപ്പിച്ചത്. അങ്ങേരും ഭാവിയെപറ്റി ചിന്തയുള്ളോനായത് കൊണ്ട് അതവളെ അറിയിച്ചു. ആ വകയില്‍ അങ്ങേര്‍ സേവ് ചെയ്തത് ചുരുങ്ങിയത് അമ്പത് പവനും കല്ല്യാണച്ചെലവുമാ."

"എനിക്കഞ്ച് ലക്ഷത്തിന്റെ പോളിസി വടക്കേലെ നാരായണീടൊപ്പമുള്ളതവളോട് ഞാന്‍ പറഞ്ഞതാണല്ലോ, എന്നിട്ടും അവള്‍..."

"നീ കുമാരേട്ടന്റേന്ന് പോളിസി എടുക്കാത്തേന്റെ ദേഷ്യം തീര്‍ക്കാന്‍ കൂടിയാണ് അങ്ങേര് നിനക്കെതിരെ മോളെ തട്ടിക്കൊണ്ട് പോയീന്നും പറഞ്ഞ് കേസ് കൊടുത്തത്, പിന്നെ മോളൊളിച്ചോടീട്ടും തന്തയ്ക്കൊരു കുലുക്കവുമില്ലല്ലോന്ന് നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കാണ്ടിരിക്കാനും കൂടിയായിരിക്കണം"

കയറവിടെ ഇട്ടിട്ട് തിരിഞ്ഞു നടക്കുമ്പോ മിന്റുവിന്റെ മനസ്സില്‍ തനിക്കും ഭാവിയെപറ്റി  വിചാരമുണ്ടെന്നെങ്ങനെയെങ്കിലും തെളിയിക്കണമെന്ന ചിന്ത മാത്രമായിരുന്നു.
*********************************************************************
   ദിവസങ്ങളും ആഴചകളും മാസങ്ങളുമൊക്കെ കടന്നു പോയി, മിന്റു ഇപ്പൊ സ്ഥിരമായി പണിയ്ക്ക് പോവുന്നുണ്ട്, ഒരു പള്‍സര്‍ ബൈക്കും ബാങ്ക് അക്കൗണ്ടും ഒക്കെയായി.
  കൂട്ടുകാരിയുടെ വീട്ടില്‍ പോവാന്നും പറഞ്ഞ് പോയ മൈമുനയെ വൈകുന്നേരമായിട്ടും തിരിച്ചെത്തോണ്ട് സംശയം തോന്നിയത് കൊണ്ടാണ് ഷുക്കൂറും കൂട്ടുകാരന്‍ ബിനുവും കൂടി അവളുടെ മുറി പരിശോധിച്ചത്, അധികം തെരയാതെ തന്നെ നാല് മടക്കാക്കി വെച്ച ഒരു വെള്ളക്കടലാസ് കിട്ടി.
ബിനു വിറയുന്ന കൈകളോടെ ഉറക്കെ വായിച്ചു:
"പ്രിയപ്പെട്ട ഷുക്കൂറിയ്ക്ക വായിച്ചറിയുവാന്‍,
വീട്ടില്‍ പറഞ്ഞാല്‍ സമ്മതിക്കില്ലെന്നറിയാവുന്നത് കൊണ്ട് ഞാന്‍ മിന്റുവേട്ടന്റെ കൂടെ ഇറങ്ങിപ്പോവാണ്. എന്നെ അന്വേഷിക്കണ്ട, ഞങ്ങളെവിടേലും പോയി ജീവിച്ചോളാം. പിന്നെയെനിക്ക് ഭാവിയെപറ്റി ചിന്തയുള്ളോണ്ട് എന്റെം ഉമ്മയുടേം സകല ആഭരണങ്ങളും ഇക്കയുടെ മേശയിലുണ്ടായിരുന്ന പതിനായിരം രൂപയും ഞാനെടുത്തിട്ടുണ്ട്.
എന്ന്,
മൈമുന"

ബിനു വായന നിര്‍ത്തിയതും ഷുക്കൂറ് പൊട്ടിച്ചിരിച്ചതും ഒരുമിച്ചായിരുന്നു.
'ങേ!പെങ്ങള് ഒളിച്ചോടീന്നറിഞ്ഞപ്പം വട്ടായോ'
'വട്ട് നിന്റെ തന്തയ്ക്കാ, ഞാന്‍ ചിരിച്ചത് ബാപ്പയുടെ സ്വത്ത് മുഴുവനും ഇനി എന്റെ സ്വന്തമായല്ലോന്നോര്‍ത്തിട്ടാ. പിന്നെ അവളെ കെട്ടിക്കാന്‍ വേണ്ടി ബാപ്പ ഉണ്ടാക്കി ലോക്കറില്‍ വെച്ചിരിക്കുന്ന നൂറ് പവന്‍ എല്ലാം എന്റെ സ്വന്തം. ആ മിന്റൂന്ന് പറയുന്ന വിവരം കെട്ടവന്‍ അന്ന് കയറും ഉപേക്ഷിച്ച് ചാവണ്ടാന്ന് തീരുമാനിച്ച് പോവുമ്പോ അവന്‍ മൈമൂനെയെ നോക്കിയ നോട്ടം കണ്ടപ്പോഴെ ഞാന്‍ ഊഹിച്ചതാ, ഇതിങ്ങനൊയെക്കെ തന്നെയാവുമെന്ന്.'
'എന്നാലും നാണക്കേടായില്ലേ?'
'എന്ത് നാണക്കേട്, സന്തോഷ് പണ്ടിറ്റിന്റെ പടത്തിന് ഫസ്റ്റ് ഷോയ്ക്ക് കേറിയപ്പോ ഇല്ലാത്ത നാണക്കേട് പിന്നിതിനാണോ?'
'നീയാടാ ശരിക്കും ഭാവിയെപറ്റി ചിന്തയുള്ളവന്‍' : ബിനു മനസ്സില്‍ പറഞ്ഞു.

6

     സുകുമാരന് കല്ല്യാണം പണ്ടേ ഒരു വീക്ക്നെസ്സാണ്,  കോളേജില്‍ പഠിക്കുന്ന കാലം തൊട്ടേ പറ്റാവുന്ന കല്ല്യാണ വീട്ടിലെല്ലാം പോയി സദ്യയുണ്ണലാണ് പുള്ളിയുടെ ഹോബി. സദ്യയുടെ കാര്യത്തില്‍ സുകു സോഷ്യലിസ്റ്റാണ്, പാവപ്പെട്ടവന്‍ മുതല്‍ മന്ത്രിമാര്‍ വരെയുള്ളവരുടെ വീട്ടില്‍ ക്ഷണിച്ചതാണോ അല്ലയോന്ന് പോലും നോക്കാതെ സുകു കല്ല്യാണത്തിന് പോവും. പിന്നെ ക്ഷണിക്കാത്ത കല്ല്യാണത്തിന് പോയി ഗിഫ്റ്റ് കൊടുക്കാനൊന്നും സുകുവിനെ കിട്ടില്ല. വേറൊന്നും കൊണ്ടല്ല താനൊരു ഗിഫ്റ്റ് കൊടുത്താല്‍ അവര്‍ അത് തന്റെ വീട്ടില്‍ എന്തേലും ഒരു ചടങ്ങുണ്ടാവുമ്പോ തിരിച്ച് തരണ്ടേ? എന്തിനാ വേറുതെ അവരെ ബുദ്ധിമുട്ടിക്കുന്നേ?
      ബാങ്ക് ക്ലര്‍ക്കായി ജോലി കിട്ടിയിട്ടും 'പാര്‍ട്ടിയെ നന്നാക്കാന്‍ (അതോ സ്വയം നന്നാക്കാനോ?) എം എല്‍ എ സ്ഥാനം ഉപേക്ഷിച്ച ശെല്‍വരായണ്ണനെപ്പോലെ' സുകു തന്റെ കല്ല്യാണസ്നേഹം ഉപേക്ഷിച്ചില്ല.
ഈ സ്നേഹം കാരണം ഇരുപത്തിയാറ് തികഞ്ഞേന്റന്ന് സുകുവും ബ്രോക്കര്‍ കുമാരേട്ടനും കൂടി ആദ്യ പെണ്ണ് കാണലിനിറങ്ങി.
"എന്റമ്മോ! ഇത്രേം വല്ല്യ വീട്ടിലെ പെണ്ണ് വേണോ കുമാരേട്ടാ?"
"നീ വീടിനെയല്ലല്ലോ പെണ്ണിനെയല്ലേ കെട്ടുന്നത്, അപ്പൊ പെണ്ണിന്റെ വലിപ്പം നോക്കിയാല്‍ മതി"
"എന്നാലും..."
"ഒരെന്നാലും ഇല്ല, വീട്ടിലൊക്കെ കേറി വരാന്‍ തീരുമാനിച്ചിരിക്കുന്ന മഹാലക്ഷ്മിയെ പുറം കാല് കൊണ്ട് പോസ്റ്റിനു പറത്തെക്കടിച്ച് കളയാന്‍ നീ ഹിഗ്വിറ്റയൊന്നുമല്ലല്ലോ അല്ലേ"
മനുഷ്യന്റെ ചങ്ക് ഇടിക്കുന്നത് മിനിറ്റില്‍ 144 പ്രാവശ്യമാ അപ്പൊഴാ അങ്ങേരുടെ അവിഞ്ഞ തമാശ.
"ആരാ ഈ ഹിഗ്വിറ്റ? കമാരേട്ടന്റെ അമ്മാവന്റെ മോനാണോ?"
"അല്ല എന്റെ വകേലൊരു തന്തയായി വരും"
'അതെനിക്ക് കണ്ടപ്പൊഴേ തോന്നിയാരുന്നു ഒന്നിലധികം ടീംസുണ്ടാവുന്ന്' എന്ന് പറയണമെന്നുണ്ടായിരുന്നെങ്കിലും സുകു അത് വിഴുങ്ങി.
**********************************************************************************
പെണ്ണ് കാണല്‍ കഴിഞ്ഞു , അവര്‍ പതിവ് മറുപടിയും പറഞ്ഞു:
"കാരണോമ്മാരൊടൊക്കെ ആലോചിച്ചിട്ട് ജാതകം പറ്റുവാണേല്‍ ഞങ്ങള്‍ അങ്ങോട്ടറിയിക്കാം"
"ഞാന്‍ വേണേല്‍ ഇവിടെ വന്നന്വേഷിച്ചോളാം"
"ബുദ്ധിമുട്ടണമെന്നില്ല" തല മൂത്ത കാരണവരുടെ ആ മറുപടിയുടെ അര്‍ത്ഥം ഇനിയും അവളേം ആ വീടും സ്വപ്നം കണ്ട് ബുദ്ധിമുട്ടണമെന്നില്ലെന്നാണോ? 'ഏയ് അതാവാന്‍ വഴിയില്ല'.

ഇനിയിപ്പൊ അഞ്ചാം മന്ത്രിയാവാനുള്ള വിളിയും കാത്തിരിക്കുന്ന മറ്റേകുഴി കലിയെപ്പോലെ പെണ്ണ് വീട്ടുകാരുടെ വിളിയും കാത്തിരിക്കണമല്ലോ എന്റെ ദൈവമേ.

കാത്തിരിപ്പിനേക്കാളും വല്ല്യ കുരിശാണല്ലോ കൂടെയുള്ള കുമാരണ്ണന്‍, ബ്രോക്കര്‍ ഫീസ് കല്ല്യാണനിശ്ചയം കഴിഞ്ഞിട്ട് മതീന്ന് വെക്കാം, ഇപ്പൊ ഒരു നൂറ് രൂപയും ഉച്ചഭക്ഷണവും കൊടുക്കേണ്ടി വരും.  ഹോട്ടലില്‍ കേറിയാല്‍ അങ്ങേര്‍ ബിരിയാണീല്‍ കുറഞ്ഞൊന്നും കഴിക്കില്ലെന്നുറപ്പാ.പോക്കറ്റില്‍ ആകെയുള്ളത് ഇരുനൂറ്റമ്പത് രൂപ.

"ലഞ്ച് നമുക്ക് പാരഗണീന്ന് കഴിക്കാല്ലേ"
വീട്ടീ പഴങ്കഞ്ഞീം ചമ്മന്തീം കഴിക്കണ മനുഷ്യനാണ് ഇപ്പൊ പാരഗണീന്നേ കഴിക്കാന്‍ പറ്റൂന്ന് ചിന്തിച്ചപ്പൊഴാ റോഡരികിലെ വലിയ വീട്ടിലെ ചെറിയ പന്തല്‍ സുകുവിന്റെ ശ്രദ്ധയില്‍ പെട്ടത്.

"ഞാന്‍ മറന്നു, എന്റെ ഒരു ഫ്രണ്ടിന്റെ വീടാണത്, അവന്റെ കല്ല്യാണമാണ്. നമുക്ക് അവിടെയൊന്നു കയറണം, അവനെ ഇനിയും കാണാനുള്ളതാ" സുകു വീണത് വിദ്യയാക്കി.

"ശരി,എന്നാ പിന്നെ പാരഗണില്‍ നമുക്ക് നിശ്ചയം ഒക്കെ കഴിഞ്ഞിട്ട് കേറാം"
*******************************************************************************
വീടിന്റെ മുറ്റത്തും സൈഡിലുമായി കുറേ പേരിരുന്ന് ഭക്ഷണം കഴിക്കുന്നുണ്ട്. മുറ്റത്തൊരുത്തന്‍ കള്ളിമുണ്ടും ഉടുത്തോണ്ട് വീട്ടിലേക്ക് കയറി വരുന്നവരോട് കുശലം ചോദിച്ചോണ്ട് നില്പ്പുണ്ട്,ചെക്കനവനാന്നുറപ്പാ, എന്നിട്ടെന്താ ഈ വേഷത്തില്‍?

 ചിലപ്പൊ നാളേയാവും കല്ല്യാണം അതോണ്ടായിരിക്കും ഉടുത്തൊരുങ്ങി നില്‍ക്കാത്തത്.

"കല്ല്യാണം നാളെയാണല്ലേ? അപ്പൊ നോണ്വെജ്ജൊന്നും കാണില്ല. പാരഗണീന്ന് മതിയാരുന്നു...."
നാല് ടെസ്റ്റും തോറ്റ് പ്രസന്റേഷന്‍ സെറിമണിയില്‍ സംസാരിക്കുന്ന ധോണിയുടത്രയും നിരാശ കുമാരേട്ടന്റെ ശബ്ദത്തിലും പ്രകടമായിരുന്നു.
ദേ പിന്നേം പാരഗണ്‍! 'പാര''ഗണ്ണി'നെപ്പറ്റി മാത്രം ചിന്തിക്കാന്‍ ഇങ്ങേരാ കൊട്ടാരക്കര പിള്ളേടെ ആരെങ്കിലുമാണൊ? വീണ്ടും വിഴുങ്ങി.
"അതെ നാളെയാണ്"
മുറ്റത്ത് നിക്കുന്ന ലുങ്കിയുടുത്ത് നില്‍ക്കുന്ന  കക്ഷി സുകുവിന്റെയും കുമാരേട്ടന്റെയും കൈയ്യൊക്കെ പിടിച്ച് കുലുക്കി കൊണ്ട് പറഞ്ഞു:
"അങ്ങോട്ടിരിക്കാം, ഭക്ഷണം കഴിച്ചിട്ട് സംസാരിക്കാം"
ഇത് തന്നെയാണ് കുമാരേട്ടന്‍ ഇച്ഛിച്ചതും ചെക്കന്‍ കല്പ്പിച്ചതും.
*************************************************************************************
"നാളെ കല്ല്യാണമായിട്ടും ചെറുക്കന്റെ മുഖത്തൊരു ദു:ഖഭാവമാണല്ലോ?" ചോറ് നന്നായി ചവച്ചിറക്കുന്നതിനിടയില്‍ കുമാരേട്ടന്‍ ചോദിച്ചു.
"ആദ്യമായി കല്ല്യാണം കഴിക്കുന്നതിന്റെ ടെന്‍ഷന്‍ കൊണ്ടാവും" ഇത് പറഞ്ഞ് ഒന്ന് വലതുവശത്തേക്ക് തിരിഞ്ഞ് നോക്കിയപ്പോഴാണ് ചാണകം മെഴുകിയ തറയില്‍ ഒരിലയില്‍ ഒരുരുള ചോറും ദര്‍ഭപ്പുല്ലും ഇരിക്കുന്നത് സുകു കണ്ടത്.
'അപ്പൊ അടിയന്തിരമായിരുന്നോ ഈശ്വരാ, അഗര്‍ബത്തീടെ സ്മെല്ലടിച്ചപ്പൊഴേ തിരിച്ചറിയണമായിരുന്നു' ; സുകുവിന്റെ ആത്മഗതം.
കുമാരേട്ടന്‍ സംഗതി അറിയുന്നതിന് മുന്‍പങ്ങേരേയും കൊണ്ടിവിടുന്ന് സ്കൂട്ടാവണം, ഏതായാലും ഇടം വലം നോക്കാതെ അടിയന്തരസദ്യ അകത്താക്കുവായത് നന്നായി.
***********************************************************************************
ഒരേമ്പക്കവും വിട്ട് ലുങ്കിക്കാരന്റെ കൈയ്യൊക്കെ പിടിച്ച് വാച്ചില്‍ നോക്കി തിരക്കുണ്ടെന്ന് ഭാവിച്ചിറങ്ങാന്‍ നോക്കുമ്പോ 'പയ്യന്' കുമാരേട്ടന്റെ വക ഫ്രീയായൊരുപദേശം:
"ഇങ്ങനത്തെ ദിവസമൊക്കെ ജീവിതത്തിലൊരിക്കലേ ഉണ്ടാവൂ, മാക്സിമം സന്തോഷിക്കണം. നാളെ മുതലങ്ങോട്ട് അര്‍മാദിക്കാനുള്ളതല്ലേ"
ഉപദേശത്തിനുള്ള നന്ദി കവിളില്‍ പതിക്കാന്‍ കാത്ത് നില്‍ക്കാതെ സുകു തിരിഞ്ഞു നോക്കാതെ നടന്നു.....

എ പോസിറ്റീവ്

Posted: Monday, February 20, 2012 by Admin in Labels: ,
3

      2010ഇലെ ഗാന്ധിജയന്തി ദിനം , അടുത്താഴ്ച ആണ് കോളേജില്‍ നാക്ക് അക്രഡിറ്റേഷന്‍ ടീം വിസിറ്റിനു വരുന്നത്. കഴിഞ്ഞ ഒരാഴ്ച ആയിട്ട് എല്ലാ ഡിപ്പാര്‍ട്ട്മെന്റുകളും കഴിഞ്ഞ അഞ്ച് വര്‍ഷം നടത്തിയ പരിപാടികളുടെയെല്ലാം ഫയല്‍ നിര്‍മ്മാണ പ്രക്രിയയില്‍ ആണ് . തികഞ്ഞ ഗുരുഭക്തി കാരണം ആണ് ഞാനും എന്റെ ക്ലാസ്സ്മേറ്റ്സും ഈ ഫയല്‍ നിര്‍മ്മാണ പ്രക്രിയയില്‍ സജീവമായി ഇടപെടുന്നത്. പിന്നെ അപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യം എന്ന് പറയുന്ന പോലെ ഒരു ദിവസമെങ്കില്‍ ഒരു ദിവസം ക്ലാസ്സില്‍ കയറണ്ടല്ലോ. എം എസ്സ് സിക്ക് ചേരുന്നതിന് മുന്‍പ് ഒന്നര വര്‍ഷം ഇന്‍ഫിയില്‍ ( ഞങ്ങള്‍ ടെക്കീസ്സ് അങ്ങനെയാ, ഇന്‍ഫോസിസിനെ ഇന്‍ഫിയെന്നെ പറയൂ. #നിങ്ങള്‍ നാട്ടുകാര്‍ ഇതിനെയാണ് ജാഡ എന്ന് പറയുന്നതെന്നോ) കയില്‍ കുത്തിയതു കൊണ്ട് എനിക്ക് നല്ല ടൈപ്പിങ്ങ് സ്പീഡ് ഉണ്ടാവുമെന്ന് കരുതി ടൈപ്പിങ്ങ് ജോലികള്‍ എന്നെയാണേല്പ്പിച്ചത്.

        റിസഷന്‍ സഹായിച്ച് അഞ്ച് മാസം ബെഞ്ചിലായത് കൊണ്ട് അത്യാവശ്യം ടൈപ്പിങ്ങ് സ്പീഡൊക്കെയുണ്ട്. എന്റെ കഴിവു കൊണ്ടൊന്നുമല്ലാട്ടോ, 5 മാസം തുടര്‍ച്ചയായി എട്ടര മണിക്കൂര്‍ അഞ്ചെട്ട് പെമ്പിള്ളേരോട് ചാറ്റ് ചെയ്താല്‍ ആര്‍ക്കും ഉണ്ടാവും ടൈപ്പിംഗ് സ്പീഡ്.
 എന്റെ ഒരു സഹമുറിയന്‍ (അവന്റെ ഈ വീരകഥ ഞാന്‍ പണ്ടിവിടെ പോസ്റ്റിയാരുന്നു) ഇരുപത്തിമൂന്ന് പേരോട് ഒരേ സമയം ചാറ്റ് ചെയ്ത് റെക്കോര്‍ഡിട്ടതാ. പതിനഞ്ച് ഇഞ്ച് മോണിറ്ററില്‍ ഇരുപത്തി മൂന്ന് വിന്‍ഡോയേ അറേഞ്ച് ചെയ്യാന്‍ സ്ഥലമുള്ളുവായിരുന്നത്രേ. അടുത്ത റിസഷന്‍ വരുമ്പോഴേക്കും ഇരുപതിഞ്ച് മോണിറ്ററാക്കാന്‍ ക്രിസ് ഗോപാലക്രിഷ്ണന് നല്ല ബുദ്ധി വരുത്തണേ...
       ഒടുവില്‍ ടൈപ്പിങ്ങും ഇന്‍ഫിയും എനിക്ക് തന്നെ പാരയായി, ഗാന്ധിജയന്തിയ്ക്ക് ഫയലുണ്ടാക്കാന്‍ കോളേജില്‍ ചെല്ലാന്‍. അതും ഞാന്‍ മാത്രം മതിയെന്ന്, ഒടുവില്‍ ഒരു ഫ്രന്റും കൂടി വരാമെന്ന് സമ്മതിച്ചു. അങ്ങനെ കോളേജിലെത്തി പണി തുടങ്ങാറായപ്പൊ ഒരു ജൂനിയര്‍ ചെറുക്കന്‍ ഓടി വന്നിട്ട് ചോദിച്ചു:
' ചേട്ടന്റെ ബ്ലഡ് ഗ്രൂപ്പേതാ?'
' എ പോസിറ്റീവ്'
'മെഡിക്കല്‍ കോളേജില്‍ കിടക്കുന്ന ഒരു രോഗിയ്ക്ക് അത്യാവശ്യമായി രണ്ട് കുപ്പി എ പോസിറ്റീവ് ബ്ലഡ് വേണം. ചേട്ടന്‍ റെഡിയല്ലേ?'
'റെഡ്ഡിയല്ല, റാവുവാണ്' എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു.
ച്ചെ! ഗ്രൂപ്പേതാന്ന് ചോദിച്ചപ്പൊ എച്ച് ഐ വി പോസിറ്റീവെന്ന് പറഞ്ഞാ മതിയാര്‍ന്ന്.
'ഡാ എന്റെ ശരീരം കണ്ടാല്‍ അവര് തിരിച്ച് ബ്ലഡ് കേറ്റി  എന്നെ പറഞ്ഞയ്ക്ക്ക്വോ?'
'അതൊന്നുമില്ല, ഇതിനെക്കാളും മെലിഞ്ഞ ഒരുപാട് പേര്‍ ഓരോ മൂന്ന് മാസത്തിലും രക്തം കൊടുക്കുന്നു പിന്നെയാ ഇത്. ഇന്നാണെങ്കില്‍ ഗാന്ധിജയന്തിയും. സേവനം ചെയ്യാന്‍ ഇതിലും പറ്റിയ ഒരു ദിവസം വേറെ ഇല്ല. എന്റേത് ഗ്രൂപ്പ് വേറെ ആയിപ്പോയി.'
അല്ലേല്‍ രണ്ട് കുപ്പിയും നീയങ്ങ് കൊടുത്തേനേന്ന് പറയാന്‍ വന്നതാ പിന്നെ അവന്‍ ജിമ്മില്‍ പോയി പെരുപ്പിച്ച് വെച്ച മസ്സിലൊക്കെ കണ്ടപ്പൊ വേണ്ടെന്ന് വെച്ചു.
****** ********* ********     **********  ********** *******      **********  ********** ****
   മെഡിക്കല്‍ കോളേജില്‍ എത്തി രക്തം എടുക്കുന്നതിന് മുന്‍പേ ചെക്കപ്പ് നടത്തുന്ന ലേഡി ഡോക്ടരെ കണ്ടപ്പോ മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി. എന്റെ അത്രയേ പ്രായം ഉണ്ടാവൂ, ഉയരം എന്നെക്കാളും ശകലം കൂടുതലാണോ.
ഏയ് , ഇല്ല. ചെരുപ്പിന്റെ ഹീല്‍ കാരണം തോന്നുന്നതാവും.
 കുടുംബത്തിലോട്ട് ഒരു ഡോക്റ്റര്‍ കേറി വരുന്നതില്‍ വീട്ടുകാര്‍ക്ക് വലിയ പ്രശ്നമൊന്നും ഉണ്ടാവില്ലായിരിക്കും. ഫോണ്‍ നമ്പര്‍ ചോദിച്ചാലോ.
സൈഡില്‍ നില്‍ക്കുന്ന സെക്ക്യൂരിറ്റിയുടെ മീശ കണ്ടപ്പൊ കുടുംബത്തില്‍ ഒരു ഡോക്ടര്‍ വേണ്ടെന്ന് തീരുമാനിച്ചു.

****** ********* ********     **********  ********** *******      **********  ********** ****
      നഴ്സുമാരുടെയും ഡോക്റ്ററുടെയുമൊക്കെ മുന്നില്‍ ആദ്യമായി രക്തം കൊടുക്കുന്നതിന്റെ ഇത്തിരി പേടിയൊക്കെ ഉണ്ടെങ്കിലും മാക്സിമം ധൈര്യം സംഭരിച്ച് തന്നെ കിടന്നു.  രക്തം എടുക്കാന്‍ തുടങ്ങിയപ്പോ ക്രമേണ കൈയും കാലുമൊക്കെ കുഴയാന്‍ തുടങ്ങി, എന്റെ മുഖഭാവം കണ്ടത് കൊണ്ടോ എന്തോ ഒരു നഴ്സ് അടുത്ത് വന്ന് ചോദിച്ചു: ' എന്തേലും പ്രശ്നം തോന്നുന്നുണ്ടോ?'
ഇതെന്റെ അഭിമാനത്തിന്റെ പ്രശ്നമായതു കൊണ്ട് ഇല്ലെന്ന് പറയണമെന്നുണ്ടായിരുന്നു. പാതിയില്‍ അല്പം ഏറെ മാത്രം നിറഞ്ഞ ബ്ല്ഡ്ബാഗ് കണ്ടപ്പൊ മറ്റേ പോസിറ്റീവ് കക്ഷി ചിന്തിക്കുന്ന പോലെ വോ! ദ് ഗ്ലാസ്സ് ഈസ് ഹാഫ് ഫില്ല്ഡ് എന്നും പറയുണമെന്നുണ്ടായിരുന്നു, പക്ഷെ കണ്ണില്‍ കയറിയ ഇരുട്ട് കാരണം 'സിസ്റ്ററേ പ്രശ്നമുണ്ട്' എന്ന് പറഞ്ഞതോര്‍മ്മയുണ്ട്. എവിടുന്നൊക്കെയോ ഓടിക്കൂടിയ മൂന്ന് നഴ്സുമാരും മറ്റേ ഡോക്ടറും കൂടി വെട്ടിയ വാഴക്കുല കറ വാര്‍ന്ന് പോവാന്‍ വെച്ച പോലെ എന്നെ ചുവരിന് ചാരി തല കീഴായി നിര്‍ത്തിയിരിക്കുകയാണ്.

മൂന്ന് ലേഡീസ് എന്നെ താങ്ങിപ്പിടിച്ചിരിക്കയാണെന്നറിഞ്ഞിട്ട് പോലും എന്റെ മനസ്സില്‍ പൊട്ടാത്ത ലഡ്ഡു മനസ്സില്‍ പൊട്ടിയത് അടുത്ത ദിവസം ജൂനിയേര്‍സിന്റെ അഡ്മിഷന്‍ രെജിസ്റ്റര്‍ പൊടി തട്ടി വെക്കാനെടുത്തെപ്പോഴാണ്, എന്നെ സേവനം ചെയ്യാന്‍ പറഞ്ഞ് വിട്ടവെന്റെ ബ്ലഡ് ഗ്രൂപ്പ് 'എ പോസിറ്റീവ്'.

3

സ്കൂള്‍ കലോത്സവത്തില്‍ അടുത്ത വര്‍ഷം മുതല്‍ കൂടുതല്‍ ഇനങ്ങള്‍ ഉള്‍പ്പെടുത്താന്‍ തീരുമാനമായി. താല്‍ക്കാലികമായി പുതിയ ഇനങ്ങള്‍ അടുത്ത വര്‍ഷത്തെ സംസ്ഥാന യുവജനോത്സവത്തിലും ജില്ലാ യുവജനൊത്സവത്തിലും പരീക്ഷണാടിസ്ഥാനത്തില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം ആയത്. പിന്നീട് വിജയമെന്ന് കണ്ടാല്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളിലെ കലോത്സവങ്ങളിലും ഉള്‍പ്പെടുത്തുന്നതായിരിക്കും. പുതിയ മത്സര ഇനങ്ങള്‍ താഴെ പറയുന്നവ ആണ്.

1. ജഡ്ജ് കളെ തെറി വിളിക്കല്‍ :

2. തമ്മില്‍ തല്ല് :

മുകളില്‍ പറഞ്ഞ രണ്ടിനങ്ങളിലും കലോത്സവത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്കും പരിശീലകര്‍ക്കും അദ്ധ്യാപകര്‍ക്കും പങ്കെടുക്കാം. ഈ ഇനങ്ങള്‍ എല്ലാ മത്സരങ്ങളുടെയും അവസാനം അതാത് വേദികളുടെ മുന്‍പില്‍ അരങ്ങേറും.



3. കരണത്തടിയും(അല്ലെങ്കില്‍ കസേരയടി) അസഭ്യം പറയലും : കലോത്സവത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ അമ്മമാര്‍ക്ക് DDE യുമായി ഈ ഇനത്തില്‍ മത്സരിക്കാം. വിജയികള്‍ക്ക് നല്ല മീഡിയാ കവറേജ് ലഭിക്കും. മത്സരിക്കുന്നവര്‍ കസേര സ്വന്തമായി കൊണ്ട് വരേണ്ടതില്ല.

4. സ്വര്‍ണ്ണ കപ്പ് ഒടിക്കല്‍ : കലോല്‍സവത്തിലെ ഏറ്റവും അവസാന ഇനമായിരിക്കും ഇത്. കേരളത്തിലെ എല്ലാ മാധ്യമങ്ങള്‍ക്കും ഈ ഇനത്തില്‍ പങ്കെടുക്കാം. പ്രധാനമായും news channel ഉകള്‍ക്ക് വേണ്ടിയാണ് ഈ ഇനം നടത്തുന്നത്.

മല്ലു പുരാണം - 1

Posted: Saturday, September 25, 2010 by Admin in Labels: ,
7

ഇന്ത്യന്‍ ഇക്കണോമിയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യം മാത്രം മുന്നില്‍ കണ്ടാണ് ടിന്റു മോനും മിന്റു മോനും അമേരിക്കക്കാരെ ഹൈദരാബാദില്‍ ഇരുന്നു കൊണ്ട് സേവിക്കാം എന്ന് തീരുമാനിച്ചത്. ഇതിനിടയില്‍ വീണു കിട്ടിയ ഒരവധി ദിവസം ഒരു ചെറിയ ഷോപ്പിങ് നടത്തി കളയാം എന്നു തീരുമാനിച്ചാണ് ടിന്റുവും മിന്റുവും പുറത്തിറങ്ങിയത്.

' sunday ആയിട്ടും ഒറ്റ പീസിനെ പോലും കാണുന്നില്ലല്ലോ അളിയാ' മിന്റുവിന്റെ വക പരാതി.

'പീസും വേണ്ട, ഒരു ........... വേണ്ട പെട്ടെന്ന് കോട്ടി എത്താന്‍ നോക്കെടാ'

ആദ്യം കണ്ട മേദിപ്പട്ടണം ബസ്സില്‍ വളരെ കഷ്ടപ്പെട്ടാണ് ചാടി കയറിയത്.

ബസ്സിലെ തിരക്കിനെ നല്ല പച്ച മലയാളത്തില്‍ പ്രാകി കൊണ്ട് മുന്നോട്ട് നീങ്ങുന്നതിനിടയില്‍ ടിന്റു മലയാളത്തിലുള്ള ഒരു സംഭാഷണ ശകലം കേട്ടു.

'അളിയാ, ആ ഫ്രണ്ടിലെ സീറ്റിലിരിക്കുന്ന പിള്ളേര് മല്ലൂസാ'

'എനിക്കും തോന്നി, എന്നാല്‍ മെല്ലെ മുന്നോട്ട് നീങ്ങാം'

ഒരു വിധം നമ്മുടെ നായകന്മാര്‍ കിളിശബ്ദത്തിന്റെ ഉദ്ഭവസ്ഥാനത്തിനടുത്തെത്തി വായ്നോട്ടം എന്ന കലാപരിപാടി ആരംഭിച്ചു. അടുത്ത ലക്ഷ്യം തങ്ങളും മലയാളികളാണെന്ന് അവരെ അറിയിക്കണം. അതിനായി നല്ല ശുദ്ധമായ മലയാളത്തില്‍ 120 ഡെസിബല്‍ ശബ്ദത്തില്‍ സംസാരിക്കാന്‍ തുടങ്ങി.
പക്ഷെ മിന്റുവിന്റെ ഭാഷയില്‍ പറഞ്ഞാല്‍ 'ജാഡ തെണ്ടി' കള്‍ ശ്രദ്ധിക്കുന്നേയില്ല. ഇനിയും ശബ്ദം കൂട്ടിയാല്‍ നല്ല തെലുങ്ക് തെറി കേള്‍ക്കേണ്ടി വരും എന്നത് കൊണ്ട് നിലവിലുള്ള അതേ വോളിയത്തില്‍ അവര്‍ കലാപരിപാടി തുടര്‍ന്നു കൊണ്ടിരുന്നു.

ഇതിനിടയില്‍ എവിടുന്നോ കയറി വന്ന ഒരു മദ്ധ്യവയസ്കന്‍ മിന്റുവിന്റെ മുന്‍പില്‍ നില്പ്പുറപ്പിച്ചു. മുന്‍പില്‍ എന്നു വെച്ചാല്‍ ഫോകസ് ചെയ്ത് വെച്ച മിന്റുവിന്റെ കണ്ണുകള്‍ക്ക് തൊട്ട് മുന്‍പില്‍.

' ഈ തന്തക്ക് വന്ന് നില്‍ക്കാന്‍ കണ്ട സ്ഥലം' ശകലം ശബ്ദം കൂടിപ്പോയോന്ന് മിന്റുവിന് തന്നെ സംശയം തോന്നി. എന്തായാലും ആ പിള്ളേര്‍ കേട്ടിട്ടുണ്ടാവില്ല അതു മതി.

മുജ്ജന്മ പുണ്യം കൊണ്ടോ എന്തോ ആ പുള്ളി അല്‍പം പുറകോട്ട് മാറി നിന്നു.

'അളിയാ ആ തന്ത മാറി, ഇപ്പൊ നല്ലോണം കാണാം'

മിന്റുവും ടിന്റുവും തങ്ങളുടെ കലാപരിപാടികള്‍ വീണ്ടും ഭംഗിയായി തുടര്‍ന്നു. ഇതിനിടയില്‍ എപ്പഴോ പെണ്‍കുട്ടികള്‍ ഒന്ന് തിരിഞ്ഞ് നോക്കി.

'ഡാ അതു കോട്ടിക്കായിരുന്നു' തങ്ങളുടെ ബസ്സിനെ ഓവര്‍ടേക്ക് ചെയ്ത് കടന്നു പോയ ബസ്സിനെ നോക്കി കൊണ്ട് ടിന്റു അലറി.

'മേദിപട്ടണം ചെന്നാല്‍ കോട്ടിക്ക് ഇഷ്ടം പോലെ ബസ് ഉണ്ടാവും കോട്ടിക്ക്'

പിന്നില്‍ നിന്നും അതേ 'തന്ത' യുടെ മറുപടി നല്ല മലയാളത്തില്‍ കേട്ടതും ടിന്റുവും മിന്റുവും തല കുനിച്ചതും ഒരേ നിമിഷമായിരുന്നു.

Font Problem?

Click here to download the Malayalam fonts.