നിയമപ്രകാരമുള്ള മുന്നറിയിപ്പ്: ഭാവന ഇനിയും വളര്‍ന്ന് തുടങ്ങിയിട്ടില്ലാത്തതിനാല്‍ മുറ്റ് കോമഡിയുള്ള ക്ലൈമാക്സും ഉപമകളും പ്രതീക്ഷിക്കരുത്. ഹൈദരാബാദ് ജീവിതത്തിനിടയിലെ ചില ഓര്‍മ്മകള്‍ ഒന്ന് വളച്ചൊടിച്ച് കുറിച്ചിട്ടെന്ന് മാത്രം
ഷുക്കൂര്‍, അത്യാവശ്യം തടീം നല്ല കറുത്ത നിറവും ഉള്ള ഒരു യുവ കോമളന്‍. ഇനിയും വളര്‍ന്ന് തുടങ്ങിയിട്ടില്ലാത്ത താടിയില്‍ ഫാക്റ്റംപോസ് 20-20-56ഉം ഇട്ട് ബുള്‍ഗാനും സ്വപ്നം കണ്ടിരിക്കുന്ന ഒരു സാധാരണ ഐ ടി ബിഗിനര്‍. മുന്നില്‍ പകുതി പൊട്ടിയ രണ്ട് പല്ലുകള്‍. അതിന് പിന്നില്‍ ഒരു കഥയുണ്ട്.
ഷുക്കൂര്‍ പ്ലേസ്മെന്റ് കിട്ടി കോള്‍ലെറ്ററും കാത്തിരിക്കുന്ന സമയത്ത് ഒരു പശൂനെ വാങ്ങിച്ച് വളര്‍ത്താന്‍ തുടങ്ങി. അത്യാവശം പാലോക്കെ കിട്ടും അത് സൈക്കിളില്‍ അടുത്ത കടയില്‍ രാവിലെ അഞ്ച് മണിയ്ക്ക് തന്നെ കൊണ്ടു കൊടുക്കണം. അങ്ങനെ സാമാന്യം ഇരുട്ടുള്ള ദിവസം മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു ഓട്ടോയില്‍ കൊണ്ടിടിച്ചു. രണ്ട് പല്ലിന്റെ പകുതിയും കുറേ ചോരയും മഹാഗണീടെ കളറുള്ള ശരീരത്തിലെ കുറച്ച് കോട്ടിങ്ങും പോയി. മുന്നിലെ ഓട്ടോ നീ കണ്ടില്ലായിരുന്നോയെന്ന് ആരെങ്കിലും ചോദിച്ചാല്‍ ഷുക്കൂര്‍ പറയും.
'ഓട്ടോ ഞാന്‍ കണ്ടായിരുന്നു, ഒരു കൈയില്‍ കുടയും മറ്റേ കയ്യില്‍ ഹാന്റിലും ടോര്‍ച്ചും കൂടി പിടിച്ചതു കൊണ്ട് ബ്രേക്ക് പിടിക്കാന്‍ പറ്റിയില്ല. പിന്നെ അടപ്പ് നന്നായിട്ടതു കൊണ്ട് രണ്ട് ലിറ്റര്‍ പാല് പോയില്ല'
'ടോര്‍ച്ചോ? ഓ സൈക്കിളിന് ലൈറ്റ് ഇല്ലായിരുന്നല്ലേ?'
'ലൈറ്റ് ഉണ്ടായിരുന്നേല്‍ അതും പൊട്ടിയേനെ'
ഷുക്കൂറും ബിനുവും ഒപ്പം ജോലി ചെയ്യുന്ന മൂന്ന് മലയാളികളും ഹൈദരാബാദില്‍ ഒരു 2BHK വീടെടുത്ത് താമസിക്കുകയാണ്. വളരെ ശാന്തസുന്ദരമായ സ്ഥലം.
സെമിഫര്‍ണിഷ്ഡ് ഹൗസ്, പെയിന്റിങ്ങുകാര്‍ ഉപേക്ഷിച്ച് പോയ ഒരു പഴയ സ്റ്റൂള്‍ ഉള്ളതുകൊണ്ട് അങ്ങനെ വിളിക്കാം. 5 പായ രണ്ട് ബക്കറ്റ് , മഗ് തുടങ്ങിയ അവശ്യസാധനങ്ങള്‍ വാങ്ങി താമസമാരംഭിച്ചപ്പോഴാണറിയുന്നത് രണ്ട് ദിവസത്തിലൊരിക്കലേ വെള്ളം വരുള്ളൂന്ന്, വെള്ളം വരുമ്പോ രണ്ട് ടാങ്കിലും പിടിച്ച് വെക്കണം പോലും എങ്കിലേ രണ്ട് ദിവസത്തേക്ക് തികയുള്ളൂ പോലൂ.
5 പേര്‍ക്ക് രണ്ട് ദിവസം കക്കൂസില്‍ പോവാന്‍ കഴിയില്ല ഈ ആയിരം ലിറ്റര്‍ വെള്ളം കൊണ്ടെന്നും ഒരു ടാങ്ക് കൂടി വേണമെന്നും ആഴ്ചയിലൊരിക്കല്‍ മാത്രം കുളിച്ച് ശീലിച്ച ഹൗസ് ഓണറിനെ ബോധ്യപ്പെടുത്താന്‍ ഇത്തിരി കഷ്ടപ്പെടേണ്ടി വന്നു. പുള്ളി ഒരു ഐടി കമ്പനിയിലെ ഡെലിവറി ഹെഡ് ആയത് കൊണ്ടാവും 500 ലിറ്ററിന്റെ ടാങ്ക് ആവശ്യപ്പെട്ടപ്പോ 300 ലിറ്ററിന്റെ വല്ല ഓയിലിന്റെയോ മറ്റോ ഒരു ബാരല്‍ കൊണ്ട് ഡെലിവര്‍ ചെയ്തത്. ടെസ്റ്റ് എന്‍ജിനീയേര്‍സായ ഷുക്കൂറും കൂട്ടുകാരും കുറച്ചു കൂടി ക്വാളിറ്റിയുള്ള പ്രൊഡക്റ്റ് വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഹൗസ് ഓണറിന്റെ ഒരൊറ്റ ചോദ്യത്തില്‍ വീണു.
" മക്കളേ നാട്ടുനടപ്പായ മൂന്ന് മാസത്തെ വാടക അഡ്വാന്‍സിലേക്ക് ഇനിയും ഒരു മാസത്തേതു കൂടി ഞാന്‍ വാങ്ങിക്കണോ അതോ ഇത് കൊണ്ടഡ്ജസ്റ്റ് ചെയ്യുന്നോ?"
താഴെ വെച്ചാല്‍ കാല് വാരും തലയില്‍ വെച്ചാല്‍ ചെവി കടിക്കും എന്ന് തന്റെ കുട്ടിയെപറ്റി പണ്ടാരോ പറഞ്ഞ പോലെ ബാരല്‍ എവിടെ വെക്കും എന്നതായിരുന്നു ഷുക്കൂറിന്റെ അടുത്ത പ്രശ്നം. പുറത്ത് വെച്ചാല്‍ വല്ലവനും വെള്ളം മുക്കിക്കൊണ്ട് പോയാലോ എന്ന പേടിയുള്ളത് കൊണ്ട് (ആന്ദ്രയിലാണെങ്കിലും അടുത്ത് കുറച്ച് മലയാളിബാച്ചികള്‍ താമസിക്കുന്നുണ്ടായിരിന്നു) ബാരല്‍ അടുക്കളയുടെ ഒരു മൂലയ്ക്ക് പ്രതിഷ്ഠിച്ചു.
ആദ്യമൊക്കെ രണ്ട് ദിവസത്തിലൊരിക്കല്‍ രാവിലെ ഏഴരാന്നൊരു സമയമുണ്ടേല്‍ വെള്ളം വന്നിരിക്കുമെന്നുറപ്പ്. വെള്ളം വരുന്ന ആ ഒരു മണിക്കൂര്‍ സമയത്ത് മോട്ടോര്‍ ഓണ്‍ ചെയ്തില്ലെങ്കില്‍ വീടിനു മേലെയുള്ള ടാങ്കില്‍ വെള്ളം സ്റ്റോക്ക് ചെയ്യാന്‍ പറ്റില്ലെന്നതിനാല്‍ വീക്കെന്‍ഡ് വരെ അലാറം വെച്ച് എണീക്കേണ്ടി വരുന്ന അവസ്ഥ ശത്രുക്കള്‍ക്ക് പോലെ കൊടുക്കല്ലേ ഈശ്വരാ എന്ന് പ്രാര്‍ത്ഥിച്ച ശനിയായ്ചകളും ഞായറായ്ചകളും ഓര്‍ക്കുമ്പോള്‍ ഷുക്കൂറിനിന്നും ഒരു ഞെട്ടലാണ്. വേനലായതോടു കൂടി രണ്ട് ദിവസത്തില്‍ വന്നു കൊണ്ടിരുന്ന വെള്ളം മൂന്നും നാലും ദിവസം കഴിഞ്ഞിട്ടും വരാതായി. അങ്ങനെ ദിവസം രണ്ട് നേരം കുളിക്കുന്നവന്മാരുടെയൊക്കെ കുളി തെറ്റി, I mean കുളീടെണ്ണം ആഴ്ചയില്‍ രണ്ടും മൂന്നുമായി ചുരുങ്ങി.
' ഹോ! ഈ ഡിയോഡ്രന്റ് ഒക്കെ കണ്ട് പിടിച്ചില്ലായിരുന്നെങ്കില്‍ തെണ്ടി പോയേനെ" എന്ന് മിക്കവാറും ദിവസങ്ങളിലൊക്കെ ഷുക്കൂറിന് ആത്മഗതിക്കേണ്ടി വന്നു.
ഇപ്പോഴാണ് ഓഫീസിലെ എല്ലാ ബില്‍ഡിങ്ങിന്റേയും എല്ലാ ഫ്ലോറിലും പത്ത് പന്ത്രണ്ട് ടോയ്ലറ്റ് ഉണ്ടാക്കി വെച്ചതിന്റെ ഗുട്ടന്‍സ് ബിനുവിന് പിടികിട്ടിയത്.
ഇവന്മാരൊക്കെ കക്കൂസില്‍ വെച്ചാണോ സോഫ്റ്റ്വെയര്‍ ഡവലപ്പ് ചെയ്യുന്നതെന്ന് അന്ന് കളിയാക്കി മാനേജരോടു ചോദിച്ച ബിനുവിന് തന്നെ തന്റെ വയര്‍ സോഫ്റ്റ് ആക്കാന്‍ പല ദിവസങ്ങളിലും ആ ഡെവലപ്പ്മെന്റ് സെന്ററുകളെ ആശ്രയിക്കേണ്ടി വന്നു.
വീടിന്റെ വാതില്‍ തുറന്നാല്‍ നേരെ കാണുന്നത് ഒരു ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള വാട്ടര്‍ ടാങ്കാണ്. ഈ വാട്ടര്‍ ടാങ്ക് കാണുന്ന പുലരികളിലെല്ലാം താക്കോല്‍ തരുമ്പോള്‍ ഹൗസ് ഓണര്‍ പറഞ്ഞ വാക്കുകള്‍ ബിനുവിനോര്‍മ്മ വരും.
'10 ലിറ്റര്‍ വെള്ളം നിറച്ച കുടം കണ്ട് ദിവസം തുടങ്ങുന്നത് തന്നെ ഐശ്വര്യമാണ്, അപ്പോ പിന്നെ ഒരു ലക്ഷം ലിറ്റര്‍ വെള്ളം നിറച്ച ടാങ്ക് കണ്ടുണരുന്നെതെന്തൈശ്വര്യമായിരിക്കും'
'എന്തൈശ്വര്യമായിരിക്കും'
ഒരു ലക്ഷം ലിറ്ററിന്റെ ഐശ്വര്യം കണ്ടുണര്‍ന്നിട്ടിപ്പോ പല്ല് തേക്കാന്‍ പോലും വെള്ളമില്ലെടാ പട്ടീന്ന് ഹൗസ് ഓണറെ വിളിച്ച് പറയണമെന്നു ഷുക്കൂറിനും ബിനുവിനും ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ഹൈദരാബാദ് സിറ്റിയില്‍ ബാച്ചിലേര്‍സിന് ഒരു വീട് കിട്ടാന്‍ ഫേസ്ബുക്കില്‍ ബോയ്സിന് ഒരു ലൈക്ക് ഒപ്പിക്കാനുള്ളതിനേക്കാളും ബുദ്ധിമുട്ടാണെന്നറിയുന്നത് കൊണ്ട് തത്ക്കാലം വേണ്ടെന്ന് വച്ചു.
പിന്നെ വീടിന്റെ ചുറ്റുപാടിനെ പറ്റി പറയുകയാണേല്‍ വളരെ നല്ല ചുറ്റുപാടാണ്. തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്നത് റെസിഡന്‍സ് അസോസിയേഷന്‍ സെക്രട്ടറിയും ആന്ദ്രയിലെ ഒരു പ്രമുഖരാഷ്ട്രീയപാര്‍ട്ടി നേതാവുമായ ഒരു താടക. അവരെ താടക എന്ന് വിളിച്ചതു കൊണ്ടൊന്നും തോന്നരുത് അത്രയ്ക്ക് നല്ല തങ്കപ്പെട്ട സ്വഭാവമാണ്. ഷുക്കൂറും കൂട്ടരും വീടിന്റെ മുറ്റത്തൂന്ന് ക്രിക്കറ്റ് കളിച്ചതിന് ഹൗസ് ഓണറെ വിളിച്ച് തെറി പറഞ്ഞ അവരെ താടക എന്നല്ലായിരുന്നു വിളിക്കേണ്ടത്.
'ഹലോ നരസിംഹം, നിങ്ങടെ വീട്ടില്‍ താമസിക്കുന്ന ആ പിള്ളേരെ ഉടനെ പുറത്താക്കണം'
'എന്തു പറ്റി മാഡം?'
' അവര് വീട്ടു മുറ്റത്തൂന്ന് ക്രിക്കറ്റ് കളിയും ബഹളവുമാണ്, ഭയങ്കര ശല്യമാണ്.'
'പിള്ളേരല്ലേ മാഡം അവര് കളിച്ചോട്ടേന്ന് വെച്ചാല്‍ പോരേ ...'
'മിസ്റ്റര്‍ നരസിംഹം, ബഹളം സഹിക്കാം. അവര്‍ കളിക്കുമ്പോ പന്ത് വലിയ ശബ്ദത്തില്‍ ഞങ്ങടേ ഗേറ്റിലും മതിലിലും വന്നിടിച്ചിട്ട് ഞങ്ങള്‍ക്കുറങ്ങാന്‍ പറ്റുന്നില്ല, നിങ്ങള്‍ എത്രയും പെട്ടെന്ന് അവരെ പുറത്താക്കുന്നോ അതോ ഞാന്‍ അടൂത്ത നടപടി നോക്കണോ?'
'ഓ! മാഡത്തിന് പകല്‍ ഉറങ്ങുന്ന ശീലമുണ്ടായിരുന്നല്ലേ, ഞാന്‍ അവരോട് പകല്‍ കളിക്കരുതെന്ന് പറയാം. മാഡം , തത്ക്കാലം ഈ പ്രാവശ്യം ഒന്ന് ക്ഷമിക്ക്.'
'ആരാ മിസ്റ്റര്‍ പകല്‍ ഉറങ്ങുന്നേ, ആ ആഭാസന്മാര്‍ രാത്രി പതിനൊന്ന് മണിക്ക് ശേഷമാ കളി തുടങ്ങുന്നേ'
അന്നത്തോടെ ഷുക്കൂറിന്റെം ടീമിന്റെയും ക്രിക്കറ്റ് കളി നിന്നു.
****************************************************************************************
അങ്ങനെ ഒരു ദിവസം തന്റൊപ്പം ട്രെയിനിങ്ങ് കഴിഞ്ഞിറങ്ങിയ തെലുങ്കന്‍ ഓഫീസ് കമ്മ്യൂണിക്കേറ്ററില്‍ ഷുക്കൂറിനെ പിങ്ങ് ചെയ്തത്.
'ഡ്യൂഡ്, കാന്‍ ഐ ഹാവ് യുവര്‍ റൂം കീ'
അവന്റെ ഗേള്‍ഫ്രന്റ് തെലുങ്കത്തി മാലിനിയോടൊപ്പം ഫുഡ് കോര്‍ട്ടിലും ഗ്രൗണ്ടിന്റെ മൂലയ്ക്കും ഒക്കെ വെച്ച് കാണുമ്പോ മുഖത്തു പോലും നോക്കാത്തവനാ ഇപ്പോ ഡ്യൂഡ് എന്നൊക്കെ. ബൈ ദി ബൈ എന്തിനാവും കീ, ടോയ്ലറ്റില്‍ പൊവാനാണേല്‍ ഇവിടുണ്ട് സെണ്ട്രലൈസ്ഡ് ഏസീ ടോയ്ലറ്റ്. ഉറങ്ങണേല്‍ ഏ സി ഡോര്‍മിട്രി.
ചിലപ്പോ യൂറോപ്പ്യന്‍ ടോയ്ലറ്റ് ശരിയാവില്ലായിരിക്കും. പുവര്‍ ഫെല്ലോ, നമ്മള്‍ ഇതൊക്കെ കാണുന്നതിവിടെ വെച്ചാ; പക്ഷേ ഒരൊറ്റ ദിവസം കൊണ്ടെല്ലാം ശരിയാക്കിയെടുത്തില്ലേ. ട്രെയിനില്‍ വരുന്ന വഴിക്ക് ടി ടി ഇയെക്കൊണ്ട് ടൈ അഴിപ്പിച്ച് ടൈ കെട്ടാന്‍ പഠിച്ച ടീമാണ് ഷുക്കൂര്‍, പിന്നാ ഒരു യൂറോപ്പ്യന്‍ ക്ലോസറ്റ്.
ഷുക്കൂര്‍ റിപ്ലൈഡ്: 'യാഹ്, ഷുവര്‍. വാട്ട് ഹാപ്പന്‍ഡ് മാന്‍?'
' ഞാനും എന്റെ ഫ്രണ്ട് മാലിനിയും ഇന്ന് മുതല്‍ കാറ്റ് കോച്ചിങ്ങിന് ചേര്‍ന്നു,മോണിങ്ങ് ക്ലാസ്സ് ആയത് കൊണ്ട് കാര്യമായി ഉറങ്ങാന്‍ പറ്റിയില്ല. ഞങ്ങള്‍ക്ക് കുറച്ച് സമയം ഒന്നുറങ്ങണം'
'ഒക്കെ ഡ്യൂഡ്, ഞാന്‍ ബാക്കി റൂമ്മേറ്റ്സിനോടൊന്നു ചോദിച്ചിട്ട് കീ ബിനുവിനോട് വാങ്ങിച്ച് തരാം'
അവന്റെയൊക്കെ ഫ്രണ്ടാണ് ഫ്രന്റ് , നമുക്കുമുണ്ട് ഫ്രന്റൊക്കെ അവന്മാര് കാരണം ഉള്ള ഉറക്കം കൂടി പോവാറാണ് പതിവ്. മാത്യു , അവന്‍ രാവിലെ ആറ് മണിക്കെണീറ്റ് ഏഷ്യാനെറ്റ് ന്യൂസും വെച്ച് സ്തോത്രം പാടും. മറ്റവന്‍ ബിനു, രാത്രി ഉറങ്ങാന്‍ തുടങ്ങുമ്പോ ഏതോ ഒരു ബുക്കുമെടുത്ത് സായിബാബയുടെ പടത്തിന് മുന്നില്‍ ചെന്നിരുന്ന് മനുഷ്യന് മനസ്സിലാവാത്ത ഏതോ ഭാഷയില്‍ എന്തൊക്കെയോ ചൊല്ലും, ഭജന്‍ ആണ് പോലും ഭജന്‍.
ഷുക്കൂര്‍ ഉടനെ തന്നെ ഒരു ഗ്രൂപ്പ് ചാറ്റ് ഓപ്പണ്‍ ചെയ്ത് കാര്യം ബാക്കി നാലിനേം അറിയിച്ചു.
'നമ്മളഞ്ചും അവനും അവളും ബെഞ്ചിലാ, നമ്മളിവിടെ ഓഫീസ് കമ്മ്യൂണിക്കേറ്ററിലും ബ്ലോഗിലും ചോറീം കുത്തിയിരിക്കുമ്പോ അവന്‍ മാത്രം ഉണ്ടാക്കണ്ട'; മാത്യുവിന്റെ കമന്റ്.
'നമ്മളോ ഉറങ്ങുന്നില്ല, അവനെങ്കിലും ഉറങ്ങിക്കോട്ടഡേയ്' , ഷുക്കൂറിന്റെ മഹാമനസ്ക്കത.
അവസാനം ബിനു താക്കോല്‍ എത്തിച്ചു കൊടുക്കുകയും അവര് പോയി സുഖമായിട്ടുറങ്ങി തിരിച്ചു പോരുകയും ചെയ്തു.
അടുത്ത ഒരു മാസത്തിനിടെ തെലുങ്കനും മാലിനിയും ഒരു നാലഞ്ച് ദിവസം ഉറങ്ങാന്‍ പോയി.
'അളിയാ ഇതിനിയും നിര്‍ത്തിയില്ലേല്‍ ആ സെക്രട്ടറി മറുത ചിലപ്പോ ഇമ്മോറല്‍ ട്രാഫിക്ക് നടക്കുന്നൂന്ന് പറഞ്ഞ് നൂറില്‍ വിളിക്കും'
ബിനുവിന്റെ സംശയം ശരിയാണെന്ന് ഷുക്കൂറിനും തോന്നി.
'പക്ഷെ തെലുങ്കന്റടുത്ത് എങ്ങനെ കാര്യം പറയും'
ചര്‍ച്ചയ്ക്കൊടുവില്‍ ആ കര്‍ത്തവ്യവും ഷുക്കൂറിന്റെ തലയില്‍ തന്നെ നിക്ഷിപ്തമായി.
തെലുങ്കന് നല്ല സുഖമില്ലാത്തോണ്ട് ലീവെടുത്ത ഒരു സുപ്രഭാതത്തില്‍ ഷുക്കൂര്‍ മാലിനിയെ ഒറ്റയ്ക്ക് ഫുഡ് കോര്‍ട്ടില്‍ കണ്ടു മുട്ടി.
'ഹായ് മാലിനി, ഐ ആം ഷുക്കൂര്‍ സണ്‍ ഓഫ് ബീരാന്‍;'
ഛെ! ഡയലോഗ് മാറി പോയി, വാരണം ആയിരം ഒരു അഞ്ചാറ് തവണ കണ്ടേല്‍ പിന്നെ ഹായ് മാലിനി പറയേണ്ടിടത്തെല്ലാം ഈ ഡയലോഗ് ആണ് വരുന്നത്. Retake....
'ഹായ് മാലിനി, കണ്ടിട്ട് എന്തോ കളഞ്ഞു പോയ അണ്ണാനെ പോലുണ്ടല്ലോ, എന്ത് പറ്റി?'
' ഇന്ന് കാറ്റിന്റെ ക്ലാസ്സ് ഉണ്ടായിരുന്നു, നല്ല ഉറക്കക്ഷീണമുണ്ട്'
'ഓ ഉറങ്ങാന്‍ പോവാന്‍ നിന്റെ ബെസ്റ്റ് ഫ്രന്റില്ലല്ലോ, ബൈ ദി ബൈ ഞാന്‍ വേണേല്‍ ബൈക്കില്‍ എന്റെ വീട്ടില്‍ കൊണ്ടാക്കാം മാലിനിയ്ക്കും ആ വകയില്‍ എനിക്കും ഒന്നുറങ്ങാം'
'ഹേയ്, നോ താങ്ക്സ്, ഞാന്‍ ഡോര്‍മെറ്ററിയില്‍ പോയുറങ്ങിക്കോളും'
'ഓക്കെ, എപ്പോഴെങ്കിലും ഞങ്ങടെ വീട്ടില്‍ തന്നെ ഉറങ്ങാന്‍ തോന്നുവാണേല്‍ പറയണട്ടോ, ഞങ്ങളിലാരു വേണേലും കമ്പനി തരാം'
അതിന് ശേഷം തെലുങ്കനും മാലിനിയും കീ ചോദിക്കുന്നത് പോയിട്ട് ഷുക്കൂറിന്റെ മുഖത്ത് പോലും നോക്കിയിട്ടില്ല.
2010ഇലെ ഗാന്ധിജയന്തി ദിനം , അടുത്താഴ്ച ആണ് കോളേജില്‍ നാക്ക് അക്രഡിറ്റേഷന്‍ ടീം വിസിറ്റിനു വരുന്നത്. കഴിഞ്ഞ ഒരാഴ്ച ആയിട്ട് എല്ലാ ഡിപ്പാര്‍ട്ട്മെന്റുകളും കഴിഞ്ഞ അഞ്ച് വര്‍ഷം നടത്തിയ പരിപാടികളുടെയെല്ലാം ഫയല്‍ നിര്‍മ്മാണ പ്രക്രിയയില്‍ ആണ് . തികഞ്ഞ ഗുരുഭക്തി കാരണം ആണ് ഞാനും എന്റെ ക്ലാസ്സ്മേറ്റ്സും ഈ ഫയല്‍ നിര്‍മ്മാണ പ്രക്രിയയില്‍ സജീവമായി ഇടപെടുന്നത്. പിന്നെ അപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യം എന്ന് പറയുന്ന പോലെ ഒരു ദിവസമെങ്കില്‍ ഒരു ദിവസം ക്ലാസ്സില്‍ കയറണ്ടല്ലോ. എം എസ്സ് സിക്ക് ചേരുന്നതിന് മുന്‍പ് ഒന്നര വര്‍ഷം ഇന്‍ഫിയില്‍ ( ഞങ്ങള്‍ ടെക്കീസ്സ് അങ്ങനെയാ, ഇന്‍ഫോസിസിനെ ഇന്‍ഫിയെന്നെ പറയൂ. #നിങ്ങള്‍ നാട്ടുകാര്‍ ഇതിനെയാണ് ജാഡ എന്ന് പറയുന്നതെന്നോ) കയില്‍ കുത്തിയതു കൊണ്ട് എനിക്ക് നല്ല ടൈപ്പിങ്ങ് സ്പീഡ് ഉണ്ടാവുമെന്ന് കരുതി ടൈപ്പിങ്ങ് ജോലികള്‍ എന്നെയാണേല്പ്പിച്ചത്.
റിസഷന്‍ സഹായിച്ച് അഞ്ച് മാസം ബെഞ്ചിലായത് കൊണ്ട് അത്യാവശ്യം ടൈപ്പിങ്ങ് സ്പീഡൊക്കെയുണ്ട്. എന്റെ കഴിവു കൊണ്ടൊന്നുമല്ലാട്ടോ, 5 മാസം തുടര്‍ച്ചയായി എട്ടര മണിക്കൂര്‍ അഞ്ചെട്ട് പെമ്പിള്ളേരോട് ചാറ്റ് ചെയ്താല്‍ ആര്‍ക്കും ഉണ്ടാവും ടൈപ്പിംഗ് സ്പീഡ്.
എന്റെ ഒരു സഹമുറിയന്‍ (അവന്റെ ഈ വീരകഥ ഞാന്‍ പണ്ടിവിടെ പോസ്റ്റിയാരുന്നു) ഇരുപത്തിമൂന്ന് പേരോട് ഒരേ സമയം ചാറ്റ് ചെയ്ത് റെക്കോര്‍ഡിട്ടതാ. പതിനഞ്ച് ഇഞ്ച് മോണിറ്ററില്‍ ഇരുപത്തി മൂന്ന് വിന്‍ഡോയേ അറേഞ്ച് ചെയ്യാന്‍ സ്ഥലമുള്ളുവായിരുന്നത്രേ. അടുത്ത റിസഷന്‍ വരുമ്പോഴേക്കും ഇരുപതിഞ്ച് മോണിറ്ററാക്കാന്‍ ക്രിസ് ഗോപാലക്രിഷ്ണന് നല്ല ബുദ്ധി വരുത്തണേ...
ഒടുവില്‍ ടൈപ്പിങ്ങും ഇന്‍ഫിയും എനിക്ക് തന്നെ പാരയായി, ഗാന്ധിജയന്തിയ്ക്ക് ഫയലുണ്ടാക്കാന്‍ കോളേജില്‍ ചെല്ലാന്‍. അതും ഞാന്‍ മാത്രം മതിയെന്ന്, ഒടുവില്‍ ഒരു ഫ്രന്റും കൂടി വരാമെന്ന് സമ്മതിച്ചു. അങ്ങനെ കോളേജിലെത്തി പണി തുടങ്ങാറായപ്പൊ ഒരു ജൂനിയര്‍ ചെറുക്കന്‍ ഓടി വന്നിട്ട് ചോദിച്ചു:
' ചേട്ടന്റെ ബ്ലഡ് ഗ്രൂപ്പേതാ?'
' എ പോസിറ്റീവ്'
'മെഡിക്കല്‍ കോളേജില്‍ കിടക്കുന്ന ഒരു രോഗിയ്ക്ക് അത്യാവശ്യമായി രണ്ട് കുപ്പി എ പോസിറ്റീവ് ബ്ലഡ് വേണം. ചേട്ടന്‍ റെഡിയല്ലേ?'
'റെഡ്ഡിയല്ല, റാവുവാണ്' എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു.
ച്ചെ! ഗ്രൂപ്പേതാന്ന് ചോദിച്ചപ്പൊ എച്ച് ഐ വി പോസിറ്റീവെന്ന് പറഞ്ഞാ മതിയാര്‍ന്ന്.
'ഡാ എന്റെ ശരീരം കണ്ടാല്‍ അവര് തിരിച്ച് ബ്ലഡ് കേറ്റി എന്നെ പറഞ്ഞയ്ക്ക്ക്വോ?'
'അതൊന്നുമില്ല, ഇതിനെക്കാളും മെലിഞ്ഞ ഒരുപാട് പേര്‍ ഓരോ മൂന്ന് മാസത്തിലും രക്തം കൊടുക്കുന്നു പിന്നെയാ ഇത്. ഇന്നാണെങ്കില്‍ ഗാന്ധിജയന്തിയും. സേവനം ചെയ്യാന്‍ ഇതിലും പറ്റിയ ഒരു ദിവസം വേറെ ഇല്ല. എന്റേത് ഗ്രൂപ്പ് വേറെ ആയിപ്പോയി.'
അല്ലേല്‍ രണ്ട് കുപ്പിയും നീയങ്ങ് കൊടുത്തേനേന്ന് പറയാന്‍ വന്നതാ പിന്നെ അവന്‍ ജിമ്മില്‍ പോയി പെരുപ്പിച്ച് വെച്ച മസ്സിലൊക്കെ കണ്ടപ്പൊ വേണ്ടെന്ന് വെച്ചു.
****** ********* ******** ********** ********** ******* ********** ********** ****
മെഡിക്കല്‍ കോളേജില്‍ എത്തി രക്തം എടുക്കുന്നതിന് മുന്‍പേ ചെക്കപ്പ് നടത്തുന്ന ലേഡി ഡോക്ടരെ കണ്ടപ്പോ മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി. എന്റെ അത്രയേ പ്രായം ഉണ്ടാവൂ, ഉയരം എന്നെക്കാളും ശകലം കൂടുതലാണോ.
ഏയ് , ഇല്ല. ചെരുപ്പിന്റെ ഹീല്‍ കാരണം തോന്നുന്നതാവും.
കുടുംബത്തിലോട്ട് ഒരു ഡോക്റ്റര്‍ കേറി വരുന്നതില്‍ വീട്ടുകാര്‍ക്ക് വലിയ പ്രശ്നമൊന്നും ഉണ്ടാവില്ലായിരിക്കും. ഫോണ്‍ നമ്പര്‍ ചോദിച്ചാലോ.
സൈഡില്‍ നില്‍ക്കുന്ന സെക്ക്യൂരിറ്റിയുടെ മീശ കണ്ടപ്പൊ കുടുംബത്തില്‍ ഒരു ഡോക്ടര്‍ വേണ്ടെന്ന് തീരുമാനിച്ചു.
****** ********* ******** ********** ********** ******* ********** ********** ****
നഴ്സുമാരുടെയും ഡോക്റ്ററുടെയുമൊക്കെ മുന്നില്‍ ആദ്യമായി രക്തം കൊടുക്കുന്നതിന്റെ ഇത്തിരി പേടിയൊക്കെ ഉണ്ടെങ്കിലും മാക്സിമം ധൈര്യം സംഭരിച്ച് തന്നെ കിടന്നു. രക്തം എടുക്കാന്‍ തുടങ്ങിയപ്പോ ക്രമേണ കൈയും കാലുമൊക്കെ കുഴയാന്‍ തുടങ്ങി, എന്റെ മുഖഭാവം കണ്ടത് കൊണ്ടോ എന്തോ ഒരു നഴ്സ് അടുത്ത് വന്ന് ചോദിച്ചു: ' എന്തേലും പ്രശ്നം തോന്നുന്നുണ്ടോ?'
ഇതെന്റെ അഭിമാനത്തിന്റെ പ്രശ്നമായതു കൊണ്ട് ഇല്ലെന്ന് പറയണമെന്നുണ്ടായിരുന്നു. പാതിയില്‍ അല്പം ഏറെ മാത്രം നിറഞ്ഞ ബ്ല്ഡ്ബാഗ് കണ്ടപ്പൊ മറ്റേ പോസിറ്റീവ് കക്ഷി ചിന്തിക്കുന്ന പോലെ വോ! ദ് ഗ്ലാസ്സ് ഈസ് ഹാഫ് ഫില്ല്ഡ് എന്നും പറയുണമെന്നുണ്ടായിരുന്നു, പക്ഷെ കണ്ണില്‍ കയറിയ ഇരുട്ട് കാരണം 'സിസ്റ്ററേ പ്രശ്നമുണ്ട്' എന്ന് പറഞ്ഞതോര്‍മ്മയുണ്ട്. എവിടുന്നൊക്കെയോ ഓടിക്കൂടിയ മൂന്ന് നഴ്സുമാരും മറ്റേ ഡോക്ടറും കൂടി വെട്ടിയ വാഴക്കുല കറ വാര്‍ന്ന് പോവാന്‍ വെച്ച പോലെ എന്നെ ചുവരിന് ചാരി തല കീഴായി നിര്‍ത്തിയിരിക്കുകയാണ്.
മൂന്ന് ലേഡീസ് എന്നെ താങ്ങിപ്പിടിച്ചിരിക്കയാണെന്നറിഞ്ഞിട്ട് പോലും എന്റെ മനസ്സില്‍ പൊട്ടാത്ത ലഡ്ഡു മനസ്സില്‍ പൊട്ടിയത് അടുത്ത ദിവസം ജൂനിയേര്‍സിന്റെ അഡ്മിഷന്‍ രെജിസ്റ്റര്‍ പൊടി തട്ടി വെക്കാനെടുത്തെപ്പോഴാണ്, എന്നെ സേവനം ചെയ്യാന്‍ പറഞ്ഞ് വിട്ടവെന്റെ ബ്ലഡ് ഗ്രൂപ്പ് 'എ പോസിറ്റീവ്'.
ഇന്ത്യന്‍ ഇക്കണോമിയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യം മാത്രം മുന്നില്‍ കണ്ടാണ് ടിന്റു മോനും മിന്റു മോനും അമേരിക്കക്കാരെ ഹൈദരാബാദില്‍ ഇരുന്നു കൊണ്ട് സേവിക്കാം എന്ന് തീരുമാനിച്ചത്. ഇതിനിടയില്‍ വീണു കിട്ടിയ ഒരവധി ദിവസം ഒരു ചെറിയ ഷോപ്പിങ് നടത്തി കളയാം എന്നു തീരുമാനിച്ചാണ് ടിന്റുവും മിന്റുവും പുറത്തിറങ്ങിയത്.
' sunday ആയിട്ടും ഒറ്റ പീസിനെ പോലും കാണുന്നില്ലല്ലോ അളിയാ' മിന്റുവിന്റെ വക പരാതി.
'പീസും വേണ്ട, ഒരു ........... വേണ്ട പെട്ടെന്ന് കോട്ടി എത്താന്‍ നോക്കെടാ'
ആദ്യം കണ്ട മേദിപ്പട്ടണം ബസ്സില്‍ വളരെ കഷ്ടപ്പെട്ടാണ് ചാടി കയറിയത്.
ബസ്സിലെ തിരക്കിനെ നല്ല പച്ച മലയാളത്തില്‍ പ്രാകി കൊണ്ട് മുന്നോട്ട് നീങ്ങുന്നതിനിടയില്‍ ടിന്റു മലയാളത്തിലുള്ള ഒരു സംഭാഷണ ശകലം കേട്ടു.
'അളിയാ, ആ ഫ്രണ്ടിലെ സീറ്റിലിരിക്കുന്ന പിള്ളേര് മല്ലൂസാ'
'എനിക്കും തോന്നി, എന്നാല്‍ മെല്ലെ മുന്നോട്ട് നീങ്ങാം'
ഒരു വിധം നമ്മുടെ നായകന്മാര്‍ കിളിശബ്ദത്തിന്റെ ഉദ്ഭവസ്ഥാനത്തിനടുത്തെത്തി വായ്നോട്ടം എന്ന കലാപരിപാടി ആരംഭിച്ചു. അടുത്ത ലക്ഷ്യം തങ്ങളും മലയാളികളാണെന്ന് അവരെ അറിയിക്കണം. അതിനായി നല്ല ശുദ്ധമായ മലയാളത്തില്‍ 120 ഡെസിബല്‍ ശബ്ദത്തില്‍ സംസാരിക്കാന്‍ തുടങ്ങി.
പക്ഷെ മിന്റുവിന്റെ ഭാഷയില്‍ പറഞ്ഞാല്‍ 'ജാഡ തെണ്ടി' കള്‍ ശ്രദ്ധിക്കുന്നേയില്ല. ഇനിയും ശബ്ദം കൂട്ടിയാല്‍ നല്ല തെലുങ്ക് തെറി കേള്‍ക്കേണ്ടി വരും എന്നത് കൊണ്ട് നിലവിലുള്ള അതേ വോളിയത്തില്‍ അവര്‍ കലാപരിപാടി തുടര്‍ന്നു കൊണ്ടിരുന്നു.
ഇതിനിടയില്‍ എവിടുന്നോ കയറി വന്ന ഒരു മദ്ധ്യവയസ്കന്‍ മിന്റുവിന്റെ മുന്‍പില്‍ നില്പ്പുറപ്പിച്ചു. മുന്‍പില്‍ എന്നു വെച്ചാല്‍ ഫോകസ് ചെയ്ത് വെച്ച മിന്റുവിന്റെ കണ്ണുകള്‍ക്ക് തൊട്ട് മുന്‍പില്‍.
' ഈ തന്തക്ക് വന്ന് നില്‍ക്കാന്‍ കണ്ട സ്ഥലം' ശകലം ശബ്ദം കൂടിപ്പോയോന്ന് മിന്റുവിന് തന്നെ സംശയം തോന്നി. എന്തായാലും ആ പിള്ളേര്‍ കേട്ടിട്ടുണ്ടാവില്ല അതു മതി.
മുജ്ജന്മ പുണ്യം കൊണ്ടോ എന്തോ ആ പുള്ളി അല്‍പം പുറകോട്ട് മാറി നിന്നു.
'അളിയാ ആ തന്ത മാറി, ഇപ്പൊ നല്ലോണം കാണാം'
മിന്റുവും ടിന്റുവും തങ്ങളുടെ കലാപരിപാടികള്‍ വീണ്ടും ഭംഗിയായി തുടര്‍ന്നു. ഇതിനിടയില്‍ എപ്പഴോ പെണ്‍കുട്ടികള്‍ ഒന്ന് തിരിഞ്ഞ് നോക്കി.
'ഡാ അതു കോട്ടിക്കായിരുന്നു' തങ്ങളുടെ ബസ്സിനെ ഓവര്‍ടേക്ക് ചെയ്ത് കടന്നു പോയ ബസ്സിനെ നോക്കി കൊണ്ട് ടിന്റു അലറി.
'മേദിപട്ടണം ചെന്നാല്‍ കോട്ടിക്ക് ഇഷ്ടം പോലെ ബസ് ഉണ്ടാവും കോട്ടിക്ക്'
പിന്നില്‍ നിന്നും അതേ 'തന്ത' യുടെ മറുപടി നല്ല മലയാളത്തില്‍ കേട്ടതും ടിന്റുവും മിന്റുവും തല കുനിച്ചതും ഒരേ നിമിഷമായിരുന്നു.
കേരളത്തിന്റെ ഒരു കോണില്‍ ചുമ്മാ ഇരിക്കുന്ന ഞാനും ഇതാ ബ്ലോഗറാവാന്‍ പോവുന്നു. ഓര്‍ക്കുംബോള്‍ തന്നെ കുളിരു കോരുന്നു. ഇനി പനി എങ്ങാനും ആണോ?.
ഒരിക്കല്‍ കൂടി ബ്ലോഗറാവുന്നു എന്നു പറയുന്നതാണ് ശരി. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ ഇതെന്റെ അഞ്ചാമത്തെ ബ്ലോഗാണ്. രണ്ടെണ്ണം ഞാന്‍ തന്നെ delete ചെയ്തു. ഒന്നു ഞാന്‍ രാജി വെച്ച് പോന്നപ്പോള്‍ company delete ചെയ്തു കാണണം. നാലാമത്തെത് മനോരമ ഓണ്‍ലൈനില്‍ ഇപ്പോഴും നിലവിലുണ്ട്. പക്ഷെ ഇപ്പോള്‍ പോസ്റ്റാറില്ലെന്ന് മാത്രം. കാരണം ഭാവന അങ്ങോട്ട് വികസിക്കുന്നില്ല.
ബ്ലോഗിലെ പുലികളായ ബെര്‍ലിച്ചായന്റെയും കായംകുളം അരുണിന്റെയും ഒക്കെ ബ്ലൊഗ് കാണുംബോള്‍ ഒരു ബ്ലോഗ് തുടങ്ങാന്‍ തോന്നും. ഒരു പോസ്റ്റ് ഇട്ട് നാലോ അഞ്ചോ ദിവസം കഴിഞ്ഞ് ഒന്നു കൂടി വായിക്കുംബോള്‍ തോന്നും ഈ അറിയാന്‍ മേലാത്ത പണിക്ക് നില്‍ക്കണ്ടായിരുന്നെന്ന്. അങ്ങനെ ആ പോസ്റ്റ് അങ്ങ് delete ചെയ്യും. ഈ പ്രക്രിയ ഒരു മൂന്നാല് പ്രാവശ്യം നടക്കും. അതിനു ശേഷം ആ ബ്ലോഗ് തന്നെ അങ്ങ് ഡിലീറ്റ് ചെയ്യും. അതാണെന്റെ പതിവ്.
ഈ ബ്ലൊഗ് എത്ര നാളുണ്‍ടാവുമോ ആവോ?
ഇനി ആരേലും ഈ ബ്ലോഗ് വായിക്കുവാണേല്‍ പുലികളുടെ ഇടയിലുള്ള ഒരു ചെറിയ പൂച്ചയുടെ ബ്ലോഗാണെന്ന് ഓര്‍ത്തു കൊണ്‍ടെ വായിക്കാവൂ. വായനക്ക് ശേഷം കമന്റുകളിലൂടെ എന്നെ തല്ലാം, പക്ഷെ ഞാന്‍ നന്നാവുമോന്നറിയില്ല. പക്ഷെ സില്‍സിലയുടെ അണിയറ ശില്പികളെ ചെയ്തതു പോലെ ചെയ്ത് കളയരുത്.
തല്‍ക്കാലം ഇന്ന് ഇത്രയും മതി