To be a one woman man... it needs a quality of mind

Posted: Wednesday, September 26, 2012 by Admin in Labels:
4



   ഒരു സിനിമ എന്ന നിലയില്‍ ട്രിവാണ്ട്രം ലോഡ്ജില്‍ ഒരു വാച്ചബിള്‍ സിനിമ എന്നതിനപ്പുറത്തൊന്നുമില്ല. ഒരു സാധാരണ കഥയെ interesting ആയി അവതരിപ്പിച്ച അനൂപ് മേനോന്റെ തിരക്കഥ തന്നെയാണ് താരം. വികെപി അനൂപിന്റെ തിരക്കഥയ്ക്ക് മോശമല്ലാത്ത ദൃശ്യഭാഷ ചമച്ചു എന്നും പറയാം. സിനിമയുടെ മൂഡിനിണങ്ങുന്ന വിധത്തില്‍ ക്യാമറയും ബാക്ക് ഗ്രൗണ്ട് മ്യൂസിക്കും ഒരുക്കിയതും ട്രിവാണ്ട്രം ലോഡ്ജ് പ്രേക്ഷകനെ രസിപ്പിക്കുന്നതിന് സഹായിച്ചു.
   
വിമര്‍ശകര്‍ പറയുന്നത് പോലെ ട്രിവാണ്ട്രം ലോഡ്ജിലെ സംഭാഷണങ്ങളില്‍ അശ്ളീലതയുടെ അതിപ്രസരമുണ്ട്. ഒരു ലോഡ്ജില്‍ ഒരുമിച്ച് താമസിക്കുന്ന  ബാച്ചിലേര്‍സിന്റെ സംഭാഷണങ്ങള്‍ക്കിടയില്‍ അശ്ളീലപരാമര്‍ശാങ്ങള്‍ കടന്നു വരുന്നത് സ്വാഭാവികം മാത്രമാണ്, പ്രത്യേകിച്ച് മിക്കവാറും പേര്‍ ലൈംഗികതയില്‍ അതീവതാത്പര്യമുള്ളവര്‍ ആയത്കൊണ്ട്.  സമീപകാലത്തിറങ്ങിയ ചില ചിത്രങ്ങള്‍ ബീപ് സൗണ്ട് പോലുമില്ലാതെ f*** എന്ന വാക്ക് നിരന്തരം ഉപയോഗിച്ചിരിക്കുന്നതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ട്രിവാണ്ട്രം ലോഡ്ജില്‍ തെറികളും അശ്ലീലപരാമര്‍ശങ്ങളും ഉപയോഗിക്കുന്നിടത്തെല്ലാം 'ബീപ്' സൗണ്ടെങ്കിലും ഉപയോഗിച്ചത് തന്നെ വല്ല്യ കാര്യമാണ്.

ട്രിവാണ്ട്രം ലോഡ്ജിലെ താമസക്കാര്‍

      കേന്ദ്രകഥാപാത്രം ജയസൂര്യയുടെ അബ്ദുവായിരിക്കാം പക്ഷെ പ്രേക്ഷകനെ കൂടുതല്‍ ചിരിപ്പിച്ചത് എഴുത്തുകാരനും സംവിധായകനുമായ പി. ബാലചന്ദ്രന്‍ ജീവന്‍ കൊടുത്ത 'കോര' സാറാണ്‍. ട്രിവാണ്ട്രം ലോഡ്ജിലെ മറ്റ് താമസക്കാരായ ബാച്ചിലേര്‍സിന് എല്ലാ കാര്യങ്ങളിലും ഉപദേശം കൊടുക്കുന്ന 999 പെണ്ണുങ്ങളെ പ്രാപിച്ചെന്ന് അവകാശപ്പെടുന്ന ഒരു റിട്ടയേഡ് ക്ളര്‍ക്കാണ് കോര. ഒരു സ്ത്രീയെ കാണുന്ന മാത്രയില്‍ തന്നെ അവള്‍ ഏത് തരക്കാരിയാണെന്ന് വാത്സ്യായന്റെ കാമശാസ്ത്രത്തെ അധികരിച്ച് തിരിച്ചറിയാന്‍ കഴിയുമെന്ന് അവകാശപ്പെടുന്ന ടിയാന്‍ താന്‍ ആയിരാമത് പ്രാപിക്കാന്‍ പോവുന്ന പെണ്ണിന് ഒരല്പ്പം സ്പെഷ്യാലിറ്റി വേണമെന്ന് ആഗ്രഹിക്കുന്നയാളാണ്. 999 പെണ്ണുങ്ങളെ പ്രാപിക്കുന്നത് പോയിട്ട്, കോര സാര്‍ ഒരു പെണ്ണിന്റെ മുഖത്ത് നേരെ നോക്കിയിട്ട് പോലുമുണ്ടാവില്ലെന്ന് പ്രേക്ഷകന്‍ സംശയിച്ച് പോവുന്ന ആ സീനിലെ പി. ബാലചന്ദ്രന്റെ അഭിനയം ബാക്കി സീനിലെ അഭിനയത്തേക്കാള്‍ വളരെ നന്നായിരുന്നു. സൈജു കുറുപ്പിന്റെ ഷിബു വെള്ളായനി തന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായിരിക്കാം. സ്റ്റാര്‍ ഹോട്ടലിലെ ലിഫ്റ്റിനരികില്‍ വെച്ച് അബ്ദുവിനെ കാണുന്ന സീനും സൈജുവിന്റെ ഇന്‍ട്രൊഡക്ഷന്‍ സീനുമെല്ലാം കലക്കി.

     സ്ത്രീയുടെ സ്വാതന്ത്ര്യം ആസ്വദിക്കാന്‍(അനൂപ് മേനോന്‍ എന്ന രചിയിതാവിന്റെ ഭാഷയില്‍ പറഞ്ഞാല്‍ 'കഴപ്പ്') വിവാഹം മോചനം വാങ്ങി കൊച്ചിയിലേക്ക് വരുന്ന ധ്വനിയായി ഹണി റോസും രവിശങ്കറായി അനൂപ് മേനോനും നന്നായി അഭിനയിച്ചു. രവിശങ്കറിന്റെ അച്ഛനായി പി. ജയചന്ദ്രനെ അവതരിപ്പിച്ചത് ഒരല്പം മുഴച്ചു നിന്നു. ജയചന്ദ്രനെ സ്ക്രീനില്‍ കാണുന്നത് ഒരു നല്ല അനുഭവമായിരുന്നു, കാരക്റ്ററും നന്നായിരുന്നു പക്ഷെ ജയചന്ദ്രന്റെ അഭിനയം ചിലപ്പോഴെങ്കിലും അല്പ്പം ഓവറായി തോന്നി. ജയസൂര്യയുടെ സെക്സ്മാനിയാക്കായ എന്നാല്‍ അത് പുറത്ത് കാണിക്കാന്‍ ധൈര്യമില്ലാത്ത അബ്ദു പ്രേക്ഷകനെ ശരിക്കും വിസ്മയിപ്പിച്ചു. അനൂപ് മേനോന്‍- ജയസൂര്യ കെമിസ്ട്രി ഒരിക്കല്‍ കൂടി വിജയിച്ചു എന്ന് വേണം പറയാന്‍ .
    തട്ടത്തിന്‍ മറയത്തിലെ പ്രണയജോഡികളെ പോലും കവച്ചു വെക്കുന്ന പെര്‍ഫോമന്‍സായിരുന്നു ബാലതാരങ്ങള്‍ തങ്ങളുടെ നിഷ്ക്കളങ്കപ്രണയത്തില്‍ കാഴ്ച വെച്ചത്.

അനൂപ് മേനോനും തൂവാനത്തുമ്പികളും

     അര്‍ജ്ജുന്‍ (മാസ്റ്റര്‍ ധനഞ്ജയ്) തന്റെ കുട്ടി കാമുകിയോട് I like Christianity എന്ന് പറയുമ്പോള്‍ 'എങ്കില്‍ ഞങ്ങടെ മതത്തില്‍ ചേര്‍ന്നോ' എന്ന് ബേബി നയന്‍താര മറുപടി കൊടുക്കുകയും ചെയ്യുമ്പോള്‍ 'എന്നെ ചേര്‍ത്താല്‍ നിനക്ക് കാശ് കിട്ടുമോ?' എന്ന അര്‍ജ്ജുന്റെ 'നിഷ്കളങ്കമായ' തമാശ മതപ്രചാരകരെ കാണുമ്പോള്‍ ഒരു സാധാരണ മലയാളിക്കുണ്ടാവുന്ന സംശയം അനൂപ് മേനോനും ഉണ്ട് എന്നതില്‍ നിന്നുരുത്തിരിഞ്ഞതാവാം. 'ഞാനൊരു മുസ്ലീമാണ്, പക്ഷെ പള്ളീലൊന്നും പോകാറില്ലട്ടോ' എന്ന് അബ്ദുവിനെക്കൊണ്ട് പറയിക്കുന്നതും അനൂപ് മേനോന്റെ പരിഹാസമാവാം. വിവാഹമോചിതയായ ധ്വനി ഇനി താന്‍ ഇഷ്ടപ്പെട്ട ആണുങ്ങള്‍ക്കൊപ്പമെല്ലാം വിവാഹത്തിന്റെ ബന്ധനമില്ലാതെ ജീവിക്കാന്‍ പോവുകയാണെന്ന് കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ളീഷില്‍ പറയുമ്പോള്‍ 'ഇതിന് മലയാളത്തില്‍ പറയുന്ന പേരാണ് കഴപ്പ്' എന്ന കൂട്ടുകാരിയുടെ മറുപടിയും ചിലര്‍ക്കെങ്കിലുമുള്ള നിശിത വിമര്‍ശനമാണ്. ഒരു നിമിശത്തെ 'fun'ന് വേണ്ടി താന്‍ കാത്തു സൂക്ഷിക്കുന്ന 'one woman man' എന്ന പെരുമ നഷ്ടപ്പെടുത്താന്‍ ആഗ്രഹിക്കാത്ത രവിശങ്കര്‍ 'Quality of mind' ഉള്ള ചുരുക്കം ചില മലയാളികളില്‍ ഒരാളാണ്.

     ബാബു നമ്പൂതിരിയുടെ തൂവാനത്തുമ്പികളിലെ 'തങ്ങളു'ടെ പുനര്‍ജ്ജന്മം അനൂപ് മേനോന്റെ തൂവാനത്തുമ്പികളോടുള്ള അടങ്ങാത്ത ആരാധനയുടെ ഫലമാണെന്ന് തോന്നുന്നു. കോക്ക്ടെയിലിലെ പേര് കേള്‍ക്കുമ്പോഴേ ഒരു പിശക് ലക്ഷണമുള്ള ബിയാട്രിസ്സും ബ്യൂട്ടിഫുളിലെ മേഘ്നാരാജ് - ക്ളാര introductionഉമെല്ലാം ഇതേ ആരാധനയില്‍ നിന്നുടലെടുത്തതാവണം. ബിസിനസ്സ് എല്ലാം ഡൗണായി ഒരു തെരുവ് വേശ്യയുടെ സഹായം തേടേണ്ട അവസ്ഥയില്‍ എത്തിയ 'തങ്ങളു'ടെ പുനര്‍ജ്ജന്മം വേണ്ടിയിരുന്നില്ലെന്ന് തോന്നുന്നു( 'ഉദകപ്പോള'യില്‍ തങ്ങള്‍ എല്ലാം നഷ്ടപ്പെട്ടവനായിരുന്നെങ്കിലും തൂവാനത്തുമ്പികളില്‍ അങ്ങനെയായിരുന്നില്ലല്ലോ?)
Pic Courtesy: Trivandrum Lodge wiki page.

  
NB: ഇനിയും ഒരുപാട് എഴുതാനുണ്ട്, തത്ക്കാലം ഇവിടെ നിര്‍ത്തുന്നു. സിനിമയെ ചര്‍ച്ച ചെയ്യുന്ന ഒന്ന് രണ്ട് ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്യാന്‍ എന്ന് കരുതി എഴുതി തുടങ്ങിയതാണ്. ഇത്രയും നീണ്ട് പോയ സ്ഥിതിയ്ക്ക് ബ്ളോഗില്‍ പോസ്റ്റിയെന്ന് മാത്രം

4 comments:

  1. Praveen says:

    thoovanathumbkalodulla aaradhana ennathil upari ithu auidenceinte kayyadi nedaan ulla marketing thanthram aayitte enikku thonniyulloo..

    cinema pakshe enjoyable. even with all the trappings of the so-called 'new generation' movies

  1. Admin says:

    ചിലപ്പോ അങ്ങനെയും ആവാം...

  1. നല്ല ഒരു പടം തന്നെയാണ് ലോഡ്ജ്.. ഒരു പക്ഷെ അശ്ലീല സംഭാഷണങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ കൂടി നന്നായി ഓടുമായിരുന്ന ഒരു പടം. പിള്ളാരുമോക്കെയായി കാണാന്‍ വന്നവര്‍ ഇന്റര്‍വെല്‍ ആയപ്പോ പരസ്പരം നോക്കുന്നത് കണ്ടു.!

    ലോഡ്ജില്‍ താമസിക്കുന്നവര്‍ എന്നാ ലെബലില്‍ ഇതൊന്നും കുതിക്കെറ്റെണ്ട ആവശ്യമില്ലായിരുന്നു. ചിലപ്പോള്‍ അവിടെ ‍ താമസിക്കുന്നവര്‍ എല്ലാം ഇതേപോലുള്ള വാക്കുകളാ ഉപയോഗിക്കുന്നേ എന്നായിരിക്കും അനൂപ്‌ മേനോന്‍ വിചാരിച്ചു വെച്ചിരിക്കുന്നത് !

  1. നന്നായിട്ടുണ്ട് എനിക്കത്തിലെ സംഭാഷണത്തിന് വലിയ കുറ്റമൊന്നും

    പറയാനില്ല

    കാരണം ഒരു ബിലോ ആവറേജ് ഹോട്ടലിൽ വരുമാനം മുട്ടി നില്ക്കുന്ന

    അതല്ലെങ്കിൽ, ചെറുകിട ജോലിയൊക്കെ ചെയ്തു ജീവിതം തള്ളി നീകുന്ന

    ഒരു പറ്റം സാധാരണക്കാരിൽ നിന്ന് ഇത്രയൊക്കെയേ പ്രതീക്ഷിക്കാവൂ

Font Problem?

Click here to download the Malayalam fonts.